കൊച്ചി: മണിക്കൂറുകൾ നീണ്ട ആശങ്ക ഒടുവിൽ അവസാനിച്ചു. തടഞ്ഞുവച്ച ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോ മത്സര ഫലം പുറത്തുവന്നപ്പോൾ അഭ്യുദയ് തന്നെ ചാമ്പ്യൻ. ഒരു എതിരാളി മറ്റൊരു മത്സരത്തിന് പങ്കെടുത്തു കൊണ്ടിരുന്നതിനാൽ ചൊവ്വാഴ്ച ഫലം അധികൃതർ തടഞ്ഞുവച്ചിരുന്നു. ഇന്നലെ രാവിലെ ഈ കുട്ടിക്ക് അവസരം നൽകിയെങ്കിലും ഏറെല്ലാം ഫൗളായി. ഇതോടെയാണ് റിസൾട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സൗത്ത് വാഴക്കുളം ഗവ. എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിയായ എ.എസ്. അഭ്യുദയ് ആണ് അച്ഛൻ പി.എ. ശ്രീകുമാറിന്റെ തന്ത്രങ്ങളുടെ കരുത്തിൽ തിളങ്ങിയത്. പോയവർഷം മകൻ ഡിസ്കസിൽ പിന്നാക്കം പോയപ്പോൾ ശ്രീകുമാർ ആദ്യം ചെയ്തത് എവിടെയാണ് ചുവട് പിഴച്ചതെന്ന് കണ്ടത്തുകയായിരുന്നു. പിന്നെ യൂട്യൂബ് നോക്കി പരിശീലനത്തിലെ പോരായ്മകൾ മനസിലാക്കി തിരുത്തിയപ്പോൾ മകന്റെ ഏറ് കറക്ടായി. ഒപ്പം സ്വർണവും കൂടെപ്പോന്നു.
സൗത്ത് ഏഴിപ്പുറം സ്വദേശിയാണ് അഭ്യുദയ്. കരാട്ടെയിൽ സംസ്ഥാനതലം വരെ മത്സരിച്ച അഭ്യുദയ് രണ്ട് വർഷം മുമ്പാണ് ത്രോ ഇനങ്ങളിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ വർഷം ഡിസ്കസ്, ഷോട്ട് ഇനങ്ങളിൽ മത്സരിച്ചു. എല്ലാ ശ്രമങ്ങളും ഫൗളായി. ഇന്നലെ ഷോട്ട്പുട്ടിലും മത്സരിച്ചിരുന്നു. ഓട്ടോ ഡ്രൈവറാണ് അച്ഛൻ ശ്രീകുമാർ. ഒരു വർഷമായ് സ്കൂളിലെ കായികാദ്ധ്യാപകനും പരിശീലനം നൽകുന്നുണ്ട്. മേഹയാണ് മാതാവ്.