കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ യൂണിഫോം വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെയും വകുപ്പിന്റെയും ഇടപെടലിൽ പ്രതിഷേധവുമായി ലത്തീൻ സമുദായ സംഘടനകൾ രംഗത്ത്.

നിയമപ്രകാരം സ്‌കൂൾ പ്രവർത്തിക്കാൻ പൊലീസ് സംരക്ഷണം നൽകിയ ഹൈക്കോടതി ഇടക്കാല ഉത്തരവ് നിലനിൽക്കെ വിവാദങ്ങൾ ഉണ്ടാക്കരുതെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) ആവശ്യപ്പെട്ടു.

സ്‌കൂൾ ദിനങ്ങൾ തടസപ്പെടാതിരിക്കാനും സംരക്ഷണം ഉറപ്പാക്കാനും പൊലീസ് പ്രത്യേകം ശ്രദ്ധിക്കണം. സ്‌കൂളിന്റെ സൽപ്പേരിന് കളങ്കം വരുത്താൻ നടത്തുന്ന സംഘടിതശ്രമങ്ങളെ പൊലീസ് നിരീക്ഷിക്കണം.

മാനേജ്‌മെന്റിന്റെ തീരുമാനങ്ങൾക്ക് പൂർണപിന്തുണ നൽകുമെന്ന് കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, സാമൂഹ്യ രാഷ്ട്രീയ ഫോറം കൺവീനർ ടി.എ. ഡാൽഫിൻ, കൊച്ചി രൂപതാ പ്രസിഡന്റ് പൈലി ആലുങ്കൽ എന്നിവർ അറിയിച്ചു.

മന്ത്രിക്കെതിരെ പ്രതിഷേധം

യൂണിഫോം വിഷയത്തിൽ വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം നിരുത്തരവാദിത്വപരവും നിയമവിരുദ്ധവുമെന്ന് കേരള റീജിയൻ ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.ആർ.എൽ.സി.സി.) പറഞ്ഞു.
സ്‌കൂളിന്റെ പ്രവർത്തനത്തെ തടസപ്പെടുത്താനും സമാധാനാന്തരീക്ഷം കലുഷിതമാക്കാനും പരിഹരിക്കപ്പെട്ട പ്രശ്‌നത്തിൽ വിദ്യാഭ്യാസമന്ത്രി നടത്തിയ പ്രതികരണം കാരണമാകും. യൂണിഫോം പോലുള്ള വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും മനേജ്‌മെന്റിന് അവകാശമുണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ മന്ത്രിയുടെ ഇടപെടൽ സംശയകരമാണെന്ന് വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ എന്നിവർ പറഞ്ഞു.

മന്ത്രി ഭീഷണിപ്പെടുത്തുന്നു: ഷോൺ ജോർജ്

വിദ്യാഭ്യാസമന്ത്രി സ്‌കൂൾ മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് സ്‌കൂൾ മാനേജ്‌മെന്റിനെതിരെ തിരിഞ്ഞത് എസ്.ഡി.പി.ഐയുടെ സമ്മർദ്ദം മൂലമാണ്. സ്കൂളിലെ സമാധാനാന്തരീക്ഷം തകർക്കുന്ന എസ്.ഡി.പി.ഐക്ക് കോൺഗ്രസും സി.പി.എമ്മും ഒത്താശ ചെയ്യുകയാണ്. യൂണിഫോം സംബന്ധിച്ച ഹൈക്കോടതി, സുപ്രീംകോടതി വിധികൾ നിലനിൽക്കെ പ്രശ്‌നം സൃഷ്ടിക്കാനാണ് എസ്.ഡി.പി.ഐ ശ്രമിക്കുന്നതെന്നും ഷോൺ ജോർജ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ, സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്,​ഷൈജു എന്നിവർ പങ്കെടുത്തു.