
അങ്കമാലി: കളഞ്ഞ് കിട്ടിയ പഴ്സും ആധാരവും ഉടമസ്ഥരെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് ഓട്ടോഡ്രൈവർമാർ മാതൃകയായി. അങ്കമാലി റെയിൽവെസ്റ്റേഷൻ ഓട്ടോസ്റ്റാൻഡിലെ കാച്ചപ്പിള്ളി ജോഷി വർഗീസും എസ്.സുബ്രഹ്മണ്യനുമാണ് സഹായികളായത്. പാർക്കിംഗ് കേന്ദ്രത്തിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ബോണറ്റിൽ നിന്നാണ് പഴ്സ് കിട്ടിയത്. വിദേശ കറൻസികളും 34,000 രൂപയും ലൈസൻസ്, ആധാർ ഉൾപ്പെടെയുള്ള വിലപിടിച്ച രേഖകളുമാണ് പഴ്സിലുണ്ടായിരുന്നത്. പഴ്സ് കിട്ടിയ ജോഷി വർഗീസ് ആർ.ടി ഓഫീസുമായി ബന്ധപ്പെട്ട് ലൈസൻസിലെ പേരുകാരൻ കൊടുങ്ങല്ലൂർ നിവാസി എ.വി ബൈജുവിനെ വിളിച്ച് വരുത്തി പഴ്സ് കൈമാറി. ആധാരം കളഞ്ഞ് കിട്ടിയത് ഇതേ സ്റ്റാൻഡിലുള്ള എസ്. സുബ്രഹ്മണ്യനാണ്. ഉടമസ്ഥൻ മേയ്ക്കാട് തോട്ടിപ്പറമ്പിൽ രാജന് ആധാരം കൈമാറി.