road

മൂവാറ്റുപുഴ: ഒരു വർഷം മുമ്പ് പണിപൂർത്തിയാക്കി,​ നാട്ടുകാർക്ക് തുറന്നുകൊടുത്ത റോഡിന്റെ ഉദ്ഘാടനം നിർവഹിക്കാൻ മന്ത്രി ഇന്നെത്തും. കക്കടാശേരി – കാളിയാർ റോഡിന്റെ ഉദ്ഘാടനമാണ് ഇന്ന് ഉച്ചയ്ക്ക് 12ന് കാലമ്പൂർ കവലയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും പുതിയ സർക്കാർ എത്തിയശേഷം 2022ലാണ് റോഡ് നിർമാണത്തിന് തുടക്കമായത്. 67.91 കോടി രൂപ ചിലവിൽ 2024ൽ നിർമാണം പൂർത്തിയാക്കി. ശേഷം റോഡ് ജനങ്ങൾക്കു തുറന്നു കൊടുത്തെങ്കിലും ഔദ്യോഗിക ഉദ്ഘാടനം നടന്നിരുന്നില്ല. കക്കടാശ്ശേരിയിൽ നിന്നാണ് റോഡ് ആരംഭിക്കുന്നത്. മൂവാറ്റുപുഴ നിയോജക മണ്ഡലാതിർത്തിയായ ഞാറക്കാട് വരെയുള്ള ഭാഗത്തെ ആദ്യ റീച്ചിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്.

ഡൽഹി ആസ്ഥാനമായുള്ള ലൂയിസ് ബർഗർ കൺസൾട്ടൻസിയുടെ നേതൃത്വത്തിൽ സർവേ നടപടികൾ പൂർത്തിയാക്കി എൽ . ആൻഡ് . ടി ഏജൻസിയാണ് ഡി.പി .ആറും എസ്റ്റിമേറ്റും തയാറാക്കിയത്. കെ.എസ്.ടി.പിക്കായിരുന്നു നിർമ്മാണ ചുമതല. ഉന്നത നിലവാരത്തിൽ 6 മീറ്റർ വീതിയിൽ ആണ് റോഡ‍് നിർമാണം പൂർത്തിക്കിയിരിക്കുന്നത്.

ജില്ലയുടെ കിഴക്കൻ മേഖലയിലുള്ളവർക്ക് എളുപ്പത്തിൽ ഇടുക്കിയിൽ എത്തിച്ചേരാനാകുന്ന റോഡാണിത്.

 റോഡ‍് കടന്നു പോകുന്ന കിഴക്കൻ മേഖലയിലെ ഗ്രാമങ്ങളുടെ ഗതാഗത വികസനവും റോഡിലൂടെ ലക്ഷ്യമിട്ടിരുന്നു.

കക്കടാശേരി – കാളിയാർ റോഡിലൂടെ വാഹനങ്ങൾ ശ്രദ്ധയില്ലാതെ ഓവർ സ്പീഡിൽ പോകുന്നതിനാൽ തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. വാഹന പരിശോധന കർശനമാക്കുവാൻ അധികൃതർ തയ്യാറാകണം

പോൾസി ജേക്കബ്

പ്രസിഡന്റ്

പുലിന്താനം കൈരളി വായനശാല