
ആലുവ: നഗരസഭ പരിധിയിൽ തോട്ടക്കാട്ടുകരയിൽ പേ ഇളകിയ നായയുടെ കടിയേറ്റ മൂന്ന് ആടുകളെ മൃഗസംരക്ഷണ വകുപ്പ് ഇഞ്ചക്ഷൻ നൽകി കൊന്നു. തെരുവുനായ ശല്യത്തിന് പരിഹാരം കാണാതെ നഗരസഭ മുഖം തിരിക്കുന്നതിനിടെ നായയുടെ കടിയേറ്റ് ആടുകൾക്ക് പേയിളകിയ സാഹചര്യമുണ്ടായത് നാട്ടുകാരിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ദേശം കടവ്, മണപ്പുറം ഭാഗങ്ങളിലെ വീടുകളിൽ വളർത്തുന്ന ആടുകൾക്കാണ് പേയിളകിയത്. നായയുടെ കടിയേറ്റ ആടുകൾ നാട്ടുകാരെയും വീട്ടുകാരെയും ആക്രമിക്കാൻ ഓടിച്ചിട്ടതിനെ തുടർന്ന് ഉടമകൾ ഇവയെ കെട്ടിയിടുകയായിരുന്നു. പിന്നീട് മൃഗാശുപത്രി അധികൃതരെത്തി പേ ലക്ഷണം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഉടമയുടെ സമ്മതപ്രകാരം ആടുകളെ ഇഞ്ചക്ഷൻ നൽകി കൊന്നത്. ഈ ആടുകളോടൊപ്പം ഉണ്ടായിരുന്ന മറ്റ് ആടുകൾക്കെല്ലാം മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ നിർദ്ദേശപ്രകാരം പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നുണ്ട്. ഇവയെ രണ്ടാഴ്ച പുറത്ത് അഴിച്ച് വിടാതെ കൂട്ടിൽ കെട്ടിയിട്ട് നിരീക്ഷിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
നായയെ തിരിച്ചറിഞ്ഞില്ല
പേവിഷബാധ ലക്ഷണങ്ങൾ കാണിച്ച ആടുകളെ വളർത്തിയ വീട്ടുകാരോടും അടിയന്തരമായി വൈദ്യ പരിശോധന നടത്തി പ്രതിരോധ വാക്സിൻ എടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. വരുമാനം ഇല്ലാതായതിന് പിന്നാലെ ഈ നിർദ്ദേശം വീട്ടുകാരെ ആശങ്കയിലാക്കുകയും ചെയ്തിരിക്കുകയാണ്. നിരവധി തെരുവുനായകൾ തോട്ടക്കാട്ടുകര മേഖലയിൽ അലഞ്ഞുനടക്കുന്നതിനാൽ ആടുകളെ കടിച്ച നായയെ ഇതുവരെ തിരിച്ചറിയാൻ കഴിയാത്തതും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
വന്ധ്യംകരണം നടത്തുമെന്ന് നഗരസഭ
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായതിന് തുടർന്ന് ഇവയെ പിടികൂടി വന്ധ്യംകരണം നടത്തുമെന്ന് നഗരസഭ അറിയിച്ചു. കഴിഞ്ഞദിവസം ചേർന്ന അടിയന്തര നഗരസഭാ സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. നായയുടെ കടിയേറ്റ് പശുക്കൾക്ക് പേയിളകിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം സ്റ്റിയറിംഗ് കമ്മിറ്റി ചേർന്നത്. ദുരന്തം ഉണ്ടായാൽ മാത്രമെ അധികൃതർ ഉണരൂവെന്നതിന് തെളിവാണിത്.
തോട്ടക്കാട്ടുകരയിൽ മാത്രമല്ല, പമ്പ് കവല, നേതാജി റോഡ്, മാധവപുരം കോളനി ഭാഗങ്ങളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്. തെരുവുകളിൽ കന്നുകാലികളെ അഴിച്ചു വിടരുതെന്നും നഗരസഭ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.