വൈപ്പിൻ: പൊലീസ് വീഴ്ചയിൽ പ്രതിഷേധിച്ച് മുനമ്പം ഡിവൈ.എസ്.പി മാർച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിച്ച വൈദികൻ സമരത്തെ തന്നെ ചോദ്യം ചെയ്തത് സംഘാടകരെ അമ്പരിപ്പിച്ചു. കോട്ടയം ജിവിരാജ സ്‌പോർട്സ് സ്‌കൂൾ വിദ്യാർത്ഥിയും ഫുട്‌ബോൾ പ്രതിഭയുമായ 14 കാരൻ ഞാറക്കൽ സ്വദേശി ആദിത്യനെ മർദ്ദിച്ച കേസിൽ പ്രതികളെ ഞാറക്കൽ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പട്ടികജാതി പട്ടിക വർഗ്ഗ സംയുക്തവേദിയുടെ ആഭിമുഖ്യത്തിൽ മുനമ്പം ഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. മാർച്ചിനെ അഭിസംബോധന ചെയ്ത് നായരമ്പലം കുടുങ്ങാശ്ശേരി സാൻജോപുരം പള്ളിവികാരി ഫാ.ജെയിംസ് പനവേലിൽ ആണ് മർദ്ദന കേസിൽ പ്രതികളായ കുട്ടികളെയും ഓർക്കണമെന്നും അവരെയും ചേർത്ത് പിടിക്കണമെന്നും സമരക്കാരെ ഉപദേശിച്ചത്. തന്റെ പ്രതികരണത്തിൽ സമരക്കാർക്ക് മനോവിഷമം ഉണ്ടാകുമെങ്കിലും നല്ലൊരു സമൂഹ സൃഷ്ടിക്ക് അതാണ് അനുയോജ്യമെന്നും ഫാദർ ഓർമ്മപ്പെടുത്തി.
സംയുക്ത വേദി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് മുനമ്പം ഡിവൈ.എസ്.പിക്ക് നിർദ്ദേശം നൽകിയെങ്കിലും നിർദ്ദേശം ലഭിച്ച് 50 ദിവസമായിട്ടും അന്വേഷണത്തിൽ ഒരു പുരോഗതിയുമില്ലെന്ന് സമിതി നേതാക്കൾ ആരോപിച്ചു.