വൈപ്പിൻ: കർത്തേടം മാലിപ്പുറം റോഡ് ആരംഭിക്കുന്ന മാലിപ്പുറം മാർക്കറ്റ് പരിസരത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. സ്‌കൂൾ ബസുകളും അബാദ് ഫിഷറീസിലേയ്ക്കുമുള്ള നിരവധി വാഹനങ്ങളും കടന്നുപോകുന്ന പ്രധാന റോഡാണ് കർത്തേടം മാലിപ്പുറം. ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്നവർ മാർക്കറ്റിന് ഇരുവശവും ബൈക്കുകളും ഓട്ടോറിക്ഷകളും പാർക്ക് ചെയ്യുന്നതിനാൽ മറ്റ് വാഹങ്ങൾക്ക് കടന്നുപോകാൻ പ്രയാസമേറെയാണ്.
പ്രദേശത്തെ പല വ്യാപാരികളും റോഡ് കൈയേറി സാധന സാമഗ്രികൾ നിരത്തി വച്ചിരിക്കുന്നതും യാത്രക്കാർക്ക് തലവേദനയാകുന്നു. അനധികൃത വഴിയോര കച്ചവടക്കാരുടെ പ്രധാന കേന്ദ്രവും ഇവിടെത്തന്നെയാണ്. വഴിയോരക്കച്ചവടം മൂലം കാൽനടക്കാർ റോഡിന് നടുവിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയാണ്. വൈപ്പിൻ - മുനമ്പം സംസ്ഥാന പാതയിലേക്ക് വാഹനങ്ങൾ തിരിയുന്ന ഭാഗത്ത് മത്സ്യക്കച്ചവടക്കാർ മീൻ തട്ടുകൾ സ്ഥാപിച്ച് കച്ചവടം നടത്തുന്നതും വാഹനങ്ങൾക്കും കാൽനടക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
മേഖലയിലെ ഗതാഗതക്കുരുക്കിന് നേരെ അധികാരികൾ കണ്ണടക്കുകയാണ്. പൊലീസ്, പഞ്ചായത്ത്, പൊതുമരാമത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ കടുത്ത അമർഷത്തിലാണ് നാട്ടുകാർ.
അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കർത്തേടം, മാലിപ്പുറം മേഖലയിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഒഫ് റെസിഡൻസ് അസോസിയേഷൻ യോഗം ചേർന്ന് സമരരംഗത്തിറങ്ങാൻ തീരുമാനിച്ചു. ചെയർമാൻ സി.എക്‌സ്. സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ പ്രമോദ് മാലിപ്പുറം, കൺവീനർ സേവ്യർ നടിക്കുന്നത്ത്, കെ.ജി. ജോൺഫി, ജോർജ് മങ്ങാട്ട്, കെ.എ. ആന്റണി, കെ.പി. സെബാസ്റ്റ്യൻ, അനസ് കാട്ടാശേരി, മേരിദാസ്, ദിലീപ് തുടങ്ങിയവർ സംസാരിച്ചു.