കൊച്ചി: ഇന്ത്യൻ മെട്രോ റെയിൽ ഓർഗനൈസേഷൻ സൊസൈറ്റി (ഐ മെട്രോ)ഓപ്പറേഷൻസ് വർക്കിംഗ് യോഗം കൊച്ചിയിൽ നടന്നു. രാജ്യത്തിന്റെ നഗരറെയിൽ അടിസ്ഥാനസൗകര്യ വികസനത്തെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യോഗം സംഘടിപ്പിച്ചത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക‌്നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു.
ഡൽഹി, കൊച്ചി, ബംഗളൂരു, ചെന്നൈ, നാഗ്പൂർ, പൂനെ, നോയ്ഡ, ജയ്‌പൂർ, മുംബയ്, ഗുജറാത്ത്, യു.പി. മെട്രോ, നാഷണൽ കാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള 20 ഓപ്പറേഷൻസ് വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ പങ്കെടുത്തു.
രാജ്യത്തെ വിവിധ മെട്രോകൾ ഓപ്പറേഷൻസുമായി ബന്ധപ്പെട്ട് നേരിടുന്ന പൊതുവെല്ലുവിളികൾ പരിഹരിക്കുക, മികച്ച പ്രവർത്തനരീതി പങ്കുവയ്ക്കുക, സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്ന ഏകീകൃത നയങ്ങൾ രൂപപ്പെടുത്തുക തുടങ്ങിയവ ചർച്ചയായി.
കൊച്ചി മെട്രോ ഡയറക്ടർ (പ്രോജക്റ്റ്‌സ്) ഡോ. റാം നവാസ്, ചീഫ് ജനറൽ മാനേജർ (ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ്) എ. മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി. സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ തലോജു സായികൃഷ്ണ, ഡൽഹി മെട്രോ ജനറൽ മാനേജരും (ഓപ്പറേഷൻസ്) ഐ മെട്രോ ഗ്രൂപ്പ് ലീഡറുമായ രമൺ ഗോയൽ എന്നിവർ പങ്കെടുത്തു.