dd

കൊച്ചി: മലയാളമണ്ണിൽ അപ്രതീക്ഷിതമായി വിടവാങ്ങിയ കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ കെനിയക്കാരുടെ പ്രിയപ്പെട്ട 'ബാബ"യായിരുന്നു. ജനാധിപത്യത്തിന്റെ പിതാവെന്ന് കെനിൻ ജനത വിളിച്ചിരുന്ന ഒഡിംഗ വികസനത്തിന്റെ അമരക്കാരനുമായിരുന്നു. 2027ലെ തിരഞ്ഞെടുപ്പ് ഒരുക്കത്തിനിടെയുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം പ്രതിപക്ഷത്തിന് ആഘാതമായി.

കോളേജ് അദ്ധ്യാപകനായിരുന്ന റെയ്‌ല കടുത്ത ഇടതുപക്ഷക്കാരനായിരുന്നു. പലതവണ ജയിൽവാസവും അനുഭവിച്ചു. 1982ൽ പ്രസിഡന്റായിരുന്ന ഡാനിയൽ മോയിക്കെതിരായ അട്ടിമറി ശ്രമത്തിന് തടവിൽ ക്രൂരമർദ്ദനത്തിനിരയായി. ജയിൽ മോചിതനായി രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായി.

1992ൽ പാർലമെന്റിലെത്തി. പ്രധാനമന്ത്രിയായിരിക്കെ കാർഷിക, വ്യവസായ മേഖലകളിൽ ഒട്ടേറെ സംഭാവനകൾ നൽകി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2019ൽ ആയുർവേദ ചികിത്സയിലൂടെ ഒഡിംഗയുടെ മകൾ കാഴ്ച വീണ്ടെടുത്തിരുന്നു. തുടർന്ന് കെനിയയിൽ ആയുർവേദ ആശുപത്രി തുടങ്ങാനുള്ള ആലോചനയിലായിരുന്നു ഒഡിംഗ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിൽ പലരും ചികിത്സയ്ക്ക് കേരളത്തിലെത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഒഡിംഗ യോഗയെയും ആയുർവേദത്തെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ മുതൽ സൗഹൃദമുണ്ട്. വ്യാപാര സംബന്ധമായി പലതവണ മുംബയ്, ഡൽഹി, ഹൈദരാബാദ്, ഗുജറാത്ത് എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യയുമായി സഹകരിച്ച് പുതിയ സംരംഭങ്ങൾ തുടങ്ങാനും ഒഡിംഗ ആഗ്രഹിച്ചിരുന്നു.