കൊച്ചി: ദക്ഷിണ നാവികത്താവളം സംഘടിപ്പിക്കുന്ന കൊച്ചി നേവി മാരത്തണിന്റെ (കെ.എൻ.എം 25) ആറാംപതിപ്പിന് ഒരുക്കമായി. നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 21നാണ് മാരത്തൺ.
ഏഴായിരത്തിലധികം കായികപ്രേമികൾ നേവിക്കൊപ്പം കൊച്ചിയിലൂടെ ഓടും. 21 കിലോമീറ്ററിന്റെ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ റൺ, അഞ്ച് കിലോമീറ്ററിന്റെ ഫൺ റൺ എന്നീ വിഭാഗങ്ങളിലാണ് മത്സരം. 'ഫാമിലി റണ്ണും ഫൺ റണ്ണിന്റെ ഭാഗമായുണ്ടാകും.
മത്സരം എന്നതിനപ്പുറം ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സാഹോദര്യത്തിന്റെയും ഉത്സവമായാണ് നാവികസേന മാരത്തണിനെയും കാണുന്നതെന്ന് മാരത്തൺ ഓർഗനൈസറും നേവൽ എയർക്രാഫ്‌റ്റ് യാർഡ് സൂപ്രണ്ടുമായ കമ്മഡോർ സുധീർ റെഡ്ഢി പറഞ്ഞു. വില്ലിംഗ്ൺ ഐലൻഡിലെ പോർട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള കെ.കെ. പ്രേമചന്ദ്രൻ സ്‌പോർട്‌സ് കോംപ്ലക്‌സിലാണ് മാരത്തൺ ആരംഭിക്കുക.
ഓൺലൈൻ രജിസ്‌ട്രേഷൻ www.kochinavymarathon.com എന്ന വെബ്‌സൈറ്റിൽ ആരംഭിച്ചു. 31നകം രജിസ്റ്റർ ചെയ്യുന്നവർക്ക് 25 ഉം നവംബർ 15ന് മുൻപായി രജിസ്റ്റർ ചെയ്യുന്നവർക്ക് 10 ഉം ശതമാനം രജിസ്‌ട്രേഷൻ ഫീസിൽ ഇളവ് ലഭിക്കും. ഇരുപതോ അതിലധികമോ പേരുള്ള ഗ്രൂപ്പായി രജിസ്റ്റർ ചെയ്യുന്നവർക്ക് 20 ശതമാനവും ഇളവുണ്ടാകും.
'ഫാമിലി റണ്ണിൽ' 12 വയസിന് താഴെ പ്രായയുള്ള കുട്ടികളുള്ള കുടുംബങ്ങൾക്ക് ഒരുമിച്ച് ഓടാം. അച്ഛനും അമ്മയ്ക്കും ഒപ്പം രണ്ട് കുട്ടികൾക്കുവരെ പങ്കെടുക്കാം. നവംബർ, ഡിസംബർ മാസങ്ങളിൽ കൊച്ചിയിലെ പ്രധാന ഇടങ്ങളിൽ 'പ്രമോറൺ' രണ്ടുതവണ സംഘടിപ്പിക്കും.
രജിസ്ട്രഷൻ ഫീസ് (രൂപ)
അഞ്ച് കിലോമീറ്റർ: 600
10 കിലോമീറ്റർ: 900
21 കിലോമീറ്റർ: 1,100
ഹാഫ് മാരത്തൺ: 1,100
10 കിലോമീറ്റർ: 900
ഫാമിലിഫൺ: 600