hussain

അലുവ: ജി.എസ്.ടി 12 ശതമനത്തിൽ നിന്നും അഞ്ച് ശതമാനത്തിലേക്ക് മാറിയപ്പോൾ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഇടയിൽ തർക്കങ്ങൾ വർദ്ധിക്കുകയാണെന്ന് കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) ജില്ലാ പ്രതിനിധി സമ്മേളനം ചൂണ്ടികാട്ടി.

ഏഴ് ശതമാനത്തിന്റെ കുറവ് വിലയിൽ കുറച്ചു തരണം എന്ന രീതിയിലാണ് ഉപഭോക്താക്കൾ പ്രതികരിക്കുന്നത്. 12 ശതമാനം ജി.എസ്.ടിയിൽ സ്റ്റോക്കുള്ള ഉൽപന്നങ്ങൾ 2026 മാർച്ച് 31 വരെ വിറ്റഴിക്കാൻ സർക്കാർ അനുമതിയുള്ളപ്പോഴാണ് ഉപഭോക്താക്കളുമായി തർക്കങ്ങൾ ഉണ്ടാകുന്നത്. നിലവിൽ പുതിയതായി അഞ്ച് ശതമാനം ജി.എസ്.ടിയിൽ വരുന്ന ഉത്പന്നങ്ങളിൽ പഴയ വിലയും പുതിയ വിലയും വ്യക്തമായി രേഖപ്പെടുത്തിയാണ് വരുന്നത്. ജി.എസ്.ടി കുറച്ച വിഷയം ഉപഭോക്താക്കളെ വ്യക്തമായി ബോദ്ധ്യപ്പെടുത്തുന്ന അറിയിപ്പുകൾ പുറത്തിറക്കി വ്യാപാരികളെ സംഘർഷാവസ്ഥയിൽ നിന്നും രക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഹുസൈൻ കുന്നുകര അദ്ധ്യക്ഷനായി. ഭാരവാഹികളായി ഹുസൈൻ കുന്നുകര (പ്രസിഡന്റ്), ജൈജു വർഗീസ് (ജനറൽ സെക്രട്ടറി), മുഹമ്മദ് കാസിം (ട്രഷറർ), സി.ഡി. ചെറിയാൻ, നവാബ് കളമശ്ശേരി (രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു.