waiting-shed

ഇലഞ്ഞി: റോഡരികിലെ വെയിറ്റിംഗ് ഷെഡ് പഞ്ചായത്തിന്റെ മാലിന്യസംസ്കരണ കേന്ദ്രമായതോടെ പൊതുജനം പെരുവഴിയിൽ. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മുത്തോലപുരം പറുദിസ ജംഗ്ഷനിലാണ് ഈ ദയനീയ സ്ഥിതി. കാടുകയറി മൂടിയ വെയിറ്റിംഗ് ഷെഡിൽ കയറാനാകാത്തതുകൊണ്ട് ജനങ്ങൾ ടാർ റോഡിലാണ് ബസ് കാത്തുനിൽക്കുന്നത്.

വീതി കുറഞ്ഞ റോഡിൽ നടപ്പാതയുമില്ല. അതുകൊണ്ടുതന്നെ ഈ ഭാഗത്ത് അപകടങ്ങളും പതിവായി. ഇരുചക്ര വാഹന യാത്രികരും കാൽനടക്കാരുമാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ആയുർവേദ ആശുപത്രിയുടെ പരിസരമായതിനാൽ യാത്രക്കാരുടെ നല്ല തിരക്കുള്ള സ്ഥലവുമാണ്. മാലിന്യം കൂട്ടിയിട്ടിരിക്കുന്ന വെയിറ്റിംഗ് ഷെഡിലും പരിസരത്തും ഇഴജന്തുക്കളുടെ സാന്നിദ്ധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. വൈകുന്നേരങ്ങളിൽ വെയിറ്റിംഗ് ഷെഡ് സാമൂഹ്യവിരുദ്ധരുടെ താവളവുമാണ്. പഴയ വെയിറ്റിംഗ് ഷെഡ് അടിയന്തരമായി പൊളിച്ച് യാത്രക്കാർക്ക് പ്രയോജനപ്രദമായ സ്ഥലത്ത് മാറ്റി സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.‌‌