അങ്കമാലി: റോഡ് വികസനത്തിന്റെ പേരിൽ മുന്നൂർപ്പിള്ളി ഭഗവതി ശാസ്താ ക്ഷേത്രഭൂമി ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ക്ഷേത്ര ഭാരവാഹികളെ അറിയിക്കാതെയാണ് താലൂക്ക് സർവേയർ ക്ഷേത്രഭൂമിയിൽ മാർക്ക് ചെയ്തുപോയത് പ്രതിഷേധാർഹമാണെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു.
50 വർഷത്തിലധികമായി ഭക്തർ ദർശനം നടത്തുന്ന ക്ഷേത്രമാണിത്. എല്ലാ മലയാള മാസവും മുടങ്ങാതെ പൂജകൾ നടന്നുവരുന്ന ക്ഷേത്രത്തിന്റെ മുൻവശത്തുള്ള റോഡിന്റെ വടക്കുഭാഗത്തുള്ള പുറമ്പോക്ക് കൈയേറിയിരിക്കുന്നവരെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ക്ഷേത്ര സ്ഥലത്ത് കയറി അടയാളപ്പെടുത്തിയിരിക്കുന്നത്.
പുറമ്പോക്ക് ഏറ്റെടുത്താൽ റോഡിന് ആവശ്യമായ സ്ഥലം ലഭ്യമാകുമെന്നിരിക്കെ, ക്ഷേത്ര സ്ഥലം ഏറ്റെടുക്കാനുള്ള നടപടിയാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചിട്ടുള്ളത്. ഇതിൽ ദുരൂഹതയുണ്ട്. ക്ഷേത്രഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയാൽ ശക്തമായ പ്രതിഷേധ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ ഹിന്ദു ഐക്യവേദി പഞ്ചായത്ത് സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് മുരളീധരൻ, സംഘടനാ സെക്രട്ടറി വി. ബേബി എന്നിവർ സംസാരിച്ചു.