പെരുമ്പാവൂർ: സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന നവകേരള സൃഷ്ടി പരിപാടിയിൽ പട്ടികജാതി -വർഗ്ഗ-ദുർബല ജനതയുടെ പ്രശ്‌നങ്ങൾ അവഗണിക്കുന്നതിനെതിരെ പട്ടികജാതി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നവകേരളം പട്ടികജാതി-വർഗ-ദുർബല ജന മെമ്മോറിയൽ എന്ന പേരിൽ എല്ലാ പട്ടി ക ജാതി സംഘടനകളുടെ കോൺഫെഡറേഷൻ നിവേദനം സമർപ്പിച്ചു. ഐക്യകേരള രൂപീകരണത്തിന് മുൻപ് മുതൽ സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പിന്നോക്കാവസ്ഥയിൽ കഴിയുന്ന പട്ടിക വിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാത്തതിനാൽ ഈ ജനതയുടെ പ്രശ്‌നങ്ങൾ നവകേരള നിർമ്മിതിയിൽ ഉൾപ്പെടുത്തി പരിഹരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.എസ്.എസി/എസ്.ടി. കോഓർഡിനേഷൻ കമ്മിറ്റി, കേരള സ്റ്റേറ്റ് ഹരിജൻ സമാജം, സാംബവ മഹാ സഭ, ഡോ. അംബേദ്ക്കർ സാംസ്‌കാരിക വേദി എന്നീ സംഘടനകളുടെ പ്രതിനിധികളായ ശിവൻ കദളി, എം.എ. കൃഷ്ണൻ കുട്ടി, എം.കെ. അംബേദ്ക്കർ, കെ.ഐ. കൃഷ്ണൻ കുട്ടി, കെ.കെ. സജിമോൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.