പറവൂർ: തെരുവുനായ്ക്കൾക്കും വളർത്ത് മൃഗങ്ങൾക്കുമായി എല്ലാ വാർഡുകളിലും വാക്സിനേഷൻ ക്യാമ്പ് നടത്താൻ ചിറ്റാറുകര പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. മൂന്നര വയസുകാരി നിഹാരയുടെ ചെവിയുടെ ഒരുഭാഗം തെരുവുനായ കടിച്ചെടുത്ത സംഭവം ചർച്ച ചെയ്യാൻ അടിയന്തരമായി ചേർന്ന യോഗത്തിലാണ് തീരുമാനം. തെരുവുനായയുടെ കടിയേറ്റ പെൺകുട്ടിയുടെ ചികിത്സാ ചെലവ് പൊതുജന സഹകരണത്തോടെ ഏറ്റെടുക്കാനും പ്രസിഡന്റ് ശാന്തിനി ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. 18 മുതൽ തെരുവുനായ്ക്കൾക്കുള്ള ക്യാമ്പ് നടത്തി വന്ധ്യംകരണത്തിനുള്ള വാക്‌സിനേഷൻ നൽകും. 22 മുതൽ വളർത്തുമൃഗങ്ങൾക്ക് പേവിഷ ബാധക്കെതിരെയുള്ള വാക്സിനേഷനും നൽകും.