പറവൂർ: പറവൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിലെ ക്ലാസ് മുറിയിലെ ഫാൻ പൊട്ടിവീണ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്ന പെൺകുട്ടിയുടെ കണ്ണിന് താഴെ പരിക്കേറ്റതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. മറ്റ് രണ്ട് കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല.

തിങ്കളാഴ്‌ച രാവിലെയാണ് അപകടം നടന്നത്. എന്നാൽ സ്കൂൾ അധികൃതർ സംഭവം മൂടിവച്ചു. സംഭവം ഇന്നലെയാണ് താൻ അറിഞ്ഞതെന്ന് പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ പറയുന്നു. ചില കൗൺസിലർമാർ സംഭവം അറിഞ്ഞെങ്കിലും പുറത്ത് പറഞ്ഞില്ല. പരിക്കേറ്റ കുട്ടികളുടെ മാതാപിതാക്കൾക്ക് പരാതിയില്ലാത്തതിനാൽ സ്കൂൾ അധികൃതർ മറ്റുനടപടികളിലേക്ക് പോയില്ലെന്നാണ് വിവരം.