
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ റോഡിലിറങ്ങിയ കാട്ടാനയ്ക്ക് മുമ്പിൽപ്പെട്ട ബൈക്ക് യാത്രികൻ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. മുട്ടത്തുപാറ തട്ടുപറമ്പിൽ സിജോ ശിവൻ (അപ്പു40 ) ആണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയിൽ ആന റോഡിന് കുറുകെ കടക്കുമ്പോഴാണ് സിജോ ബൈക്കുമായി അതുവഴി വന്നത്. എതിർദിശയിൽ നിന്നും വരികയായിരുന്ന കാറിന്റെ വെളിച്ചത്തിലാണ് സിജോ ആനയെ കണ്ടത്. നിറുത്താൻ ശ്രമിക്കുമ്പോൾ ബൈക്ക് റോഡിൽ മറിഞ്ഞു. ശബ്ദംകേട്ട ആന തിരിഞ്ഞുനിന്നതോടെ സിജോ ബൈക്ക് ഉപേഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് വനപാലകരെത്തി ആനയെ പ്ലാന്റേഷനിലേക്ക് തുരത്തി. വീഴ്ചയിൽ സിജോയുടെ ശരീരത്തിൽ പരിക്കേറ്റു. ബൈക്കിനും കേടുപാടുണ്ട്. മൊബൈൽ നഷ്ടപ്പെട്ടെങ്കിലും പിന്നീട് തെരഞ്ഞ് കണ്ടെത്തി. കോട്ടപ്പാറ പ്ലാന്റേഷനിലൂടെയുള്ള വാവേലിപടിപ്പാറ റോഡിൽ കാട്ടാന ശല്യം പതിവാണ്. പരിസരത്തെ ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും ആനശല്യമുണ്ട്.