കൊച്ചി: കൊച്ചി കോർപ്പറേഷനിൽ ആറായിരത്തിലധികം ഇരട്ടവോട്ടുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ കൊച്ചി നഗരപരിധിയിൽ മാത്രം 6,557 ഇരട്ടവോട്ട് കണ്ടെത്തി. 12 ലക്ഷത്തിലധികം വോട്ടുകൾ പരിശോധിച്ചപ്പോഴാണ് ഇത്രയും ഇരട്ടവോട്ട് കണ്ടെത്തിയത്.
കൊച്ചി കോർപ്പറേഷൻ, തൃപ്പൂണിത്തുറ, കളമശേരി, തൃക്കാക്കര, വൈപ്പിൻ, കൊച്ചി നിയോജക മണ്ഡലങ്ങളിലെ പട്ടികയും പരിശോധിച്ചു. 12,08,456 വോട്ടർമാരിൽ 1,30,022 വോട്ടുകൾ സാമ്യമുള്ളതായി കണ്ടെത്തി. കോർപ്പറേഷൻ വോട്ടർപട്ടികയിലുള്ള അതേപേരും വിലാസവും വീട്ടുനമ്പരുമടക്കം സമീപത്തെ തദ്ദേശ സ്ഥാപനങ്ങളിലുണ്ട്. ഇത്തരം 6,557 ഇരട്ടവോട്ടുകളുടെ പട്ടിക ജില്ലാ കളക്ടർക്കും തിരഞ്ഞെടുപ്പ് കമ്മിഷനും നൽകും.
ജില്ലയിൽ മുൻകാലങ്ങളിൽ പല തിരഞ്ഞെടുപ്പുകളിലും ചില വാർഡുകളിൽ ചുരുങ്ങിയ വോട്ടുകൾക്കാണ് യു.ഡി.എഫ് പരാജയപ്പെട്ടത്. ഇരട്ടവോട്ടുകൾ എത്തിച്ച് സി.പി.എം നടത്തുന്ന കള്ളവോട്ട് അവസാനിപ്പിക്കാൻ കൃത്യവും നീതിയുക്തവുമായ അന്വേഷണം ആവശ്യമാണ്. കൂട്ടിച്ചേർക്കൽ പട്ടിക പുറത്തുവരാനുണ്ട്, അതും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എം.ആർ. അഭിലാഷ്, ആന്റണി കുരീത്തറ, ആന്റണി പൈനുതറ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.