കൊച്ചി: സി.പി.ഐയിൽ പഴയ പി. രാജു പക്ഷക്കാരെ വെട്ടിയൊതുക്കി ഔദ്യോഗികപക്ഷം. ഇന്നലെ തിരഞ്ഞെടുത്ത 17അംഗ ജില്ലാ എക്‌സിക്യുട്ടീവിൽ പി. രാജു പക്ഷത്തിന് നാമമാത്ര പങ്കാളിത്തമാണ് നൽകിയത്. ജില്ലാ എക്‌സിക്യുട്ടീവിൽ മുമ്പുണ്ടായിരുന്ന കെ.എൻ. സുഗതൻ സംസ്ഥാന കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനുപകരവും പി. രാജുവിന്റെ ഒഴിവിലും രാജുപക്ഷംതന്നെ എക്‌സിക്യുട്ടീവിലേക്ക് എത്തുമെന്നായിരുന്നു ധാരണ.

ടി.സി. സഞ്ജിത്ത്, പി.വി. ചന്ദ്രബോസ്, കെ.പി. റെജിമോൻ, കെ.ആർ. റെനീഷ് എന്നിവരുടെ പേരുകൾ ഉയർന്നുകേട്ടതുമാണ്. ഇവരെയോ രാജുപക്ഷത്തുള്ള മുതിർന്ന നേതാക്കളായ പി.എ. ജോസഫ്, കെ.ബി. അറുമുഖൻ തുടങ്ങിയവരേയോ എക്‌സിക്യുട്ടീവിലേക്ക് പരിഗണിച്ചില്ല.

ജില്ലാ എക്‌സിക്യുട്ടീവിലുണ്ടായിരുന്ന കെ.എൻ. ഗോപി തുടർന്നതും മുമ്പ് നടപടി നേരിട്ട എം.ടി. നിക്‌സൺ എക്‌സിക്യുട്ടിവീന്റെ ഭാഗമായതുമാണ് രാജുപക്ഷത്തിന് ആശ്വാസം. ഇ.കെ. ശിവനെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയാക്കിയതിലും ഇന്നലെ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിൽ എത്താതിരുന്ന എൽദോ എബ്രഹാമിനെ എക്‌സിക്യുട്ടീവിൽ ഉൾപ്പെടുത്തിയതിലും രാജുപക്ഷം വിമർശനം ഉയർത്തി.

അസിസ്റ്റന്റ് സെക്രട്ടറിമാർ: ഇ.കെ. ശിവൻ, എം.എം. ജോർജ്

ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങൾ: ബാബു പോൾ, എൽദോ എബ്രഹാം, ശാന്തമ്മ പയസ്, കെ.എൻ. ഗോപി, കെ.എ. നവാസ്, രാജേഷ് കാവുങ്കൽ, ഡിവിൻ ദിനകരൻ, താര ദിലീപ്, എ.കെ. സന്തോഷ്ബാബു, എം. മുകേഷ്, അഡ്വ. രമേഷ് ചന്ദ്, അഡ്വ. അയൂബ് ഖാൻ, എം.ടി. നിക്സൻ, എസ്. ശ്രീകുമാരി