□കേരളത്തെ അറിഞ്ഞത് ആന്ധ്രയിലൂടെ
കൊച്ചി: കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയെ കേരളത്തിലെത്തിച്ചത് ഹൈദരാബാദ് സ്വദേശിയായ സുഹൃത്തും വ്യവസായിയുമായ ബി. ശ്രീനിവാസ് ഗൗഡ്. ബിസിനസുമായി ബന്ധപ്പെട്ട് കെനിയയിലെത്തിയ ശ്രീനിവാസ് 2014ലാണ് വ്യവസായ പ്രമുഖൻ കൂടിയായ ഒഡിംഗയെ പരിചയപ്പെട്ടത്.
മകളുടെ കാഴ്ചക്കുറവിനെക്കുറിച്ച് സങ്കടം പറഞ്ഞപ്പോൾ, കേരളത്തിൽ ആയുർവേദം പരീക്ഷിച്ചു നോക്കാൻ പറഞ്ഞു. സ്വന്തം അനുഭവങ്ങൾ പറഞ്ഞപ്പോൾ താത്പര്യമായി. 2019ൽ ശ്രീധരീയത്തിലെത്തി. പിന്നീടുള്ള ഓരോ കൂടിക്കാഴ്ചയിലും സൗഹൃദം ദൃഢമായി. രണ്ടു തവണ ഹൈദരാബാദിലുമെത്തി. സെക്യൂരിറ്റിക്കാരനില്ലാതെ ഒറ്റയ്ക്കു നടക്കുന്നതായിരുന്നു ഇഷ്ടം. ഭക്ഷണപ്രിയനായിരുന്നു. ഇന്ത്യയിൽ വരുമ്പോൾ പച്ചക്കറി വിഭവങ്ങളാണ് കഴിച്ചിരുന്നത്. വെജിറ്റബിൾ സൂപ്പെന്ന് പറഞ്ഞ് സാമ്പാർ ഉൾപ്പെടെ ആസ്വദിച്ചു കഴിക്കുമായിരുന്നു. .
കാർഷിക-വ്യവസായ വിപ്ലവം കൊണ്ടു വന്ന നേതാവിനെയാണ് കെനിയയ്‌ക്കു നഷ്ടപ്പെട്ടതെന്ന് ശ്രീനിവാസ് ഗൗഡ് 'കേരളകൗമുദി"യോട് പറഞ്ഞു. പൂ കൃഷിയിലൂടെ കെനിയയെ സുഗന്ധ തലസ്ഥാനമാക്കി. 2021 ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെ നടന്ന വാണിജ്യ, വ്യവസായ, സാങ്കേതിക, സാംസ്‌കാരിക മേളയായ 'ദുബായ് 2020 എക്‌സ്‌പോ"യിൽ സജീവ സാന്നിദ്ധ്യമായിരുന്നു കെനിയ.
കെനിയൻ
പൊന്ന്
ആഫ്രിക്കൻ മേഖലയിൽ പൂക്കൃഷിയുടെ വമ്പൻ സാദ്ധ്യതകൾ കണ്ടറിഞ്ഞ രാജ്യമാണ് കെനിയ. കൃഷി ചെയ്യുന്നവരിൽ ഇന്ത്യക്കാരുമുണ്ട്. ഓർക്കിഡുകൾ, റോസ, പിച്ചി തുടങ്ങിയ എല്ലാ ഇനങ്ങളും കൃഷി ചെയ്യുന്നതിനാൽ പായ്ക്കിംഗ് ഉൾപ്പെടെയുള്ള അനുബന്ധ മേഖലകളും തളിർക്കുന്നു. ബൊക്കെ, അലങ്കാരങ്ങൾ, മാലകൾ തുടങ്ങിയവ നിർമ്മിക്കുന്ന ഒട്ടേറെ യൂണിറ്റുകളുണ്ട്.ഗൾഫ് രാജ്യങ്ങളെ പൂ ചൂടിക്കുന്നതും കെനിയയാണ്.. പൂക്കൃഷിയിൽ വൈദഗ്ധ്യം നേടിയ ഒരു ലക്ഷത്തിലേറെ തൊഴിലാളികൾ രാജ്യത്തുണ്ട്. കൃഷിയിടങ്ങളോടനുബന്ധിച്ച് ചെറുകിടഇടത്തരം സംരംഭങ്ങൾ വളരുകയാണ്..സൗരോർജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന 'സൺ കൾചർ' സംവിധാനങ്ങൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതിലൂടെ വാർഷിക വരുമാനത്തിൽ 10 ഇരട്ടി നേട്ടമുണ്ടാക്കാൻ കെനിയയ്ക്കു കഴിഞ്ഞു.ഗോത്രവർഗ അറിവുകളും കാർഷിക മേഖലയിലെ നേട്ടങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കഴിഞ്ഞു. കൃഷി രീതികൾ, ഭക്ഷണം, വേഷം, നൃത്തം, സംഗീതം, കരകൗശല വിദ്യകൾ എന്നിവയിലെല്ലാം വൈവിധ്യങ്ങളേറെയാണ്. എല്ലാറ്റിന്റെയും അമരക്കാരനായിരുന്നു 'ബാബ".