u
ആമ്പല്ലൂർ പഞ്ചായത്ത് അംഗം ബീന മുകുന്ദൻ കൈരവം റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ഉണ്ണികൃഷ്ണന് മഴമാപിനി വിതരണം ചെയ്യുന്നു

ചോറ്റാനിക്കര: കാലാവസ്ഥയിലുണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളെ പ്രതിരോധിക്കാൻ പൊതുജനങ്ങൾക്ക് കാലാവസ്ഥാ സാക്ഷരതയ്ക്ക് പ്രാപ്തരാക്കുകയാണ് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്. കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങൾക്ക് പ്രാപ്തരാക്കുന്നതിനും മാലിന്യ സംസ്കരണ രംഗത്തെ ഭാവി പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനുമായി തുരുത്തിക്കര സയൻസ് സെന്ററും സുസ്ഥിര ഫൗണ്ടഷൻ തിരുവനന്തപുരവും എഡ്രാക് ആമ്പല്ലൂർ മേഖലയും സംയുക്തമായി ആമ്പല്ലൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കം എന്ന പേരിൽ മഴയെ അളക്കുക മഴയെ അറിയുക എന്ന പദ്ധതിക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. ഇപ്പോൾ 2 മാസത്തിലധികമായി ആമ്പല്ലൂരിൽ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 12 മഴമാപിനികളിൽ നിന്ന് 24 മണിക്കൂർ പെയ്‌ത മഴയുടെ അളവ് എല്ലാ ദിവസവും ശേഖരിച്ച് റിപ്പോർട്ട് ചെയ്യുകയാണ്.

മഴയളവ് രേഖപ്പെടുത്താൻ മാത്രമായുള്ള വാട്ട്സ്ആപ്പ് കൂട്ടായ്‌മയിൽ 12 മഴമാപിനികളിൽ നിന്നുള്ള അളവുകൾ അതാത് വീട്ടുകാർ രേഖപ്പെടുത്തും. തുടർന്ന് സയൻസ് സെന്ററും ഹ്യൂംസ് സെന്ററും ചേർന്ന് അളവുകൾ ഗ്രാഫ് രൂപത്തിലാക്കി വാട്ട്സ്ആപ്പ് ഗ്രൂപ്പിലും മറ്റ് ഗ്രൂപ്പുകളിലേക്കും പങ്കുവയ്ക്കും. ഇതുവരെയുള്ള കണക്കുകളിലൂടെ പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ ഒരേ ദിവസം പെയ്യുന്ന മഴയുടെ അളവിലുള്ള വ്യത്യാസം ജനങ്ങൾ സ്വയം തിരിച്ചറിഞ്ഞു കഴിഞ്ഞു.

ആമ്പല്ലൂരിൽ ആരംഭിച്ച കാലാവസ്ഥാ സാക്ഷരത പ്രവർത്തനം എറണാകുളം ജില്ലയിൽ മുഴുവനായി നടപ്പാക്കുവാൻ ജില്ലാ ഭരണകൂടവും ഹരിത കേരളം മിഷനും തയ്യാറെടുക്കുകയാണ്. ഇതിന് മുന്നോടിയായി ജില്ലയിലെ 10 പഞ്ചായത്തുകളെ തെരഞ്ഞെടുത്ത് ആദ്യഘട്ട പരിശീലനം നടത്തി. പരിശീലന പരിപാടി ജില്ലാ കളക്‌ടർ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ യൂണിവേഴ്‌സിറ്റി റഡാർകേന്ദ്രം ജില്ലാതല പ്രവർത്തനത്തിൽ പങ്കാളിയാണ്. തദ്ദേശഭരണസ്ഥാപനങ്ങളോടൊപ്പം എഡ്രാക്കിന്റെ കീഴിലുള്ള റെസിഡന്റ്സ് അസോസിയേഷനുകളും ജില്ലാ ലൈബ്രറി കൗൺസിലും ഇക്കാര്യത്തിൽ നേതൃത്വവും പങ്കാളിത്തവും നൽകുന്നു.