st-teresas
കോളേജിന്റെ ശതാബ്ദി ലോഗോ

കൊച്ചി: രാഷ്ട്രപതിയെ വരവേൽക്കാനൊരുങ്ങി നൂറ്റാണ്ട് പിന്നിടുന്ന പഴയ കൊച്ചി സംസ്ഥാനത്തെ ആദ്യ വനിതാ കോളേജ്. 24ന് ഉച്ചയ്ക്ക് 12നാണ് രാഷ്ട്രപതി ദ്രൗപതി മുർമു എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നത്. ഉന്നതവിദ്യാഭ്യാസത്തിലൂടെ യഥാർത്ഥ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് 1925ൽ ആരംഭിച്ച കോളേജിന്റെ ശതാബ്ദിവർഷത്തിൽ വനിതയായ രാഷ്ട്രപതിയെ മുഖ്യാതിഥിയായി ലഭിച്ചത് ആഹ്ലാദകരമാണെന്ന് കോളേജ് ഡയറക്ടർ സി. ടെസ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി, മന്ത്രിമാരായ വി.എൻ. വാസവൻ, പി. രാജീവ്, ഹൈബി ഈഡൻ എം.പി. ടി.ജെ. വിനോദ് എം.എൽ.എ, മേയർ അഡ്വ.എം. അനിൽകുമാർ, കാർമ്മലൈറ്റ് സിസ്റ്റേഴ്സ് ഒഫ് സെന്റ് തേരേസ സന്യാസിനി സമൂഹം പ്രൊവിൻഷ്യൽ സുപ്പീരിയിർ സി.നീലിമ, വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ എന്നിവർ സംബന്ധിക്കും. കോളേജിന്റെ ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശിപ്പിക്കും. കഴിഞ്ഞ നൂറുവർഷം വിദ്യാഭ്യാസത്തിലൂടെയുള്ള സ്ത്രീശാക്തീകരണത്തിനാണ് സെന്റ് തേരേസാസ് മുൻതൂക്കം നൽകിയതെങ്കിൽ അടുത്ത നൂറുവർഷം വനിതാ സംരംഭകത്വങ്ങളിലൂടെ സാമൂഹിക ശാക്തീകരണത്തിന് പ്രാധാന്യം നൽകുമെന്നും സി. ടെസ പറഞ്ഞു. സയൻസ് ബ്ലോക്ക് ഡയറക്ടർ സി. ഫ്രാൻസിസ്, ലോക്കൽ മാനേജർ സി.ശിൽപ, വൈസ് പ്രിൻസിപ്പൽ സി. സുചിത, ജനറൽ കൺവീനർ ഡോ. എം. സജിമോൾ അഗസ്റ്റിൻ, പ്രൊഫ.ആർ. ലത നായർ, പ്രൊഫ. നിർമ്മല പദ്മനാഭൻ, വിരമിച്ച അദ്ധ്യാപകരുടെ പ്രതിനിധി കുമാരി സുധ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

രാഷ്ട്രപതിയുടെ സന്ദർശനത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകി സഹായിച്ച കേന്ദ്രമന്ത്രി സുരേഷ്ഗോപിയോട് പ്രത്യേകം നന്ദിയുണ്ടെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചു.