മരട്: പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരെ അശ്ലീല പരാമർശം നടത്തിയ സി.പി.എം നേതാവ് പി.കെ. രാജുവിനെ സംരക്ഷിക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മരട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ശബരിമല വിഷയത്തിൽ മഹിളാ കോൺഗ്രസ് നേതാവ് ഷെയർ ചെയ്ത ഫെയ്സ് ബുക്ക് പോസ്റ്റിനടിയിലാണ് വി.ഡി. സതീശനെതിരെ അശ്ലീല പരാമർശം നടത്തിയത്. കുണ്ടന്നൂരിൽ നിന്ന് ആരംഭിച്ച പന്തം കൊളുത്തി പ്രകടനം സ്റ്റേഷന് സമീപം പൊലീസ് തടഞ്ഞു. തുടർന്നു നടന്ന പ്രതിഷേധ യോഗം നഗരസഭാദ്ധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിൻസൺ പീറ്റർ അദ്ധ്യക്ഷനായി. സുനീല സിബി, ആർ.കെ. സുരേഷ്ബാബു, സി.ഇ. വിജയൻ, ടി.കെ. ദേവരാജൻ, പി.പി.സന്തോഷ്, രേണുക ശിവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.