ആലുവ: ആലുവ നഗരസഭ ഗ്രൗണ്ട് ടർഫാക്കുന്നതിനെതിരെ കായിക പ്രേമികളും പ്രതിപക്ഷ പാർട്ടികളും നടത്തിയ പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രാദേശിക നേതാവിന് കുടിവെള്ള കുപ്പിയേറിൽ മൂക്കിന് പരിക്കേറ്റ സംഭവത്തിൽ കീഴ്മാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റസീന നജീബിന്റെ ഭർത്താവ് തോട്ടുമുഖം സ്വദേശി നെജീബ് (45) റിമാൻഡിലായി.
കഴിഞ്ഞ 13ന് ഗ്രൗണ്ട് ടർഫ് ആക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം നടന്ന വേദിയിലേക്കാണ് പ്രതിഷേധ മാർച്ച് നടന്നത്. ഉദ്ഘാടന ചടങ്ങിന് ശേഷം ഇരുവിഭാഗങ്ങളും തമ്മിലുമുണ്ടായ തർക്കത്തിനിടെ കുപ്പിയേറിൽ എടത്തല കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി രാജീവ് ഭാസ്കറിന്റെ മൂക്കിന് പൊട്ടലേറ്റെന്നാണ് പരാതി. എന്നാൽ സമരം നടന്ന് ഒരു ദിവസത്തിന് ശേഷം നഗരസഭാ അധികൃതർ കള്ളപ്പരാതി നൽകിയെന്നാണ് സമരക്കാരുടെ നിലപാട്.
അതേസമയം, പഞ്ചായത്ത് ഭരണപക്ഷ അംഗത്തിന്റെ ഭർത്താവ് ഗുണ്ടായിസം നടത്തുന്നുവെന്നാരോപിച്ച് കീഴ്മാട് ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി.