കൊച്ചി: രമ്യമായി പരിഹരിച്ച പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ എരിതീയിൽ എണ്ണകോരിയൊഴിക്കാൻ സർക്കാർ ഉൾപ്പെടെ ആരും ശ്രമിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഹൈബി ഈഡൻ എം.പിയും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഇടപെട്ട് വിവാദം അവസാനിപ്പിച്ചതാണ്.
പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നവർ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇത്തരം വിഷയങ്ങൾ ഉണ്ടാകുമ്പോൾ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. സാമൂഹിക അന്തരീക്ഷം വഷളാക്കുന്ന ഒരുകാര്യവും ചെയ്യരുത്.
ഇത്തരം വിഷയങ്ങൾ സർക്കാരിന് പരിഹരിക്കാവുന്നതായിരുന്നു. വിഷയങ്ങൾ ഉണ്ടാകുമ്പോൾ ആളിക്കത്താതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. വർഗീയത ആളിക്കത്തിക്കാൻ കാത്തിരിക്കുന്നവരുടെ കൈയിലെ പാവയാകാനോ കെണിയിൽ വീഴാനോ സർക്കാർ തയ്യാറാകരുത്.
ചെറിയ വിഷയങ്ങൾ വലുതാക്കി സാമൂഹികാന്തരീക്ഷം മോശമാക്കരുത്. ഇക്കാര്യത്തിൽ പ്രതിപക്ഷമാണ് ഏറ്റവും കൂടുതൽ ഉത്തരവാദിത്വം കാണിക്കുന്നത്. ഇത്തരം അവസരങ്ങളിൽ സമാധാനിപ്പിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.