sooraj-lama
സൂരജ് ലാമ

കൊച്ചി: കുവൈറ്റിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ, ഓർമ്മശേഷിയില്ലാത്ത അച്ഛൻ ഒടുവിലെത്തിയ മെഡിക്കൽ കോളേജും പരിസരവും അരിച്ചുപെറുക്കിയിട്ടും സാന്റോൺ ലാമ നിരാശനായി. 11 ദിവസത്തെ തെരച്ചിൽ വിഫലമായെങ്കിലും അച്ഛൻ സൂരജ് ലാമ ഉണ്ടെന്നു കരുതുന്ന കൊച്ചി വിട്ടുപോകാൻ ബംഗളൂരു സ്വദേശിയായ സാന്റോണിന് കഴിയുന്നില്ല.

കുവൈറ്റിൽ റസ്റ്റോറന്റുകളുടെ ഉടമയായ സൂരജ് ലാമ (59) ഈമാസം അഞ്ചിനാണ് നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയത്. സെപ്തംബർ അഞ്ചിന് കുവൈറ്റിൽ കുഴഞ്ഞുവീണ അദ്ദേഹത്തിന് ഓർമ്മശക്തി നഷ്‌ടപ്പെട്ടു. വിസ കാലാവധി കഴിഞ്ഞതിനാൽ കുവൈറ്റ് അധികൃതർ ബംഗളൂരുവിന് പകരം കൊച്ചിക്കുള്ള വിമാനത്തിൽ കയറ്റിവിട്ടു. കൊച്ചിയിൽ വിമാനമിറങ്ങി, ആലുവ മെട്രോ സ്റ്റേഷനിലെത്തി കാണാതായ സൂരജ് ലാമയെ തിരക്കിയാണ് മകൻ കൊച്ചിയിലെത്തിയത്.

തുതിയൂരിൽ അവശനിലയിൽ നാട്ടുകാർ കണ്ട സൂരജ് ലാമയെ കഴിഞ്ഞ 12ന് തൃക്കാക്കര പൊലീസ് കളമശേരിയിലെ മെഡിക്കൽ കോളേജിൽ എത്തിച്ചെന്ന വിവരം ഇന്നലെ മകന് ലഭിച്ചെങ്കിലും അവിടെയും കണ്ടെത്താനായില്ല. ആശുപത്രിയിലും വ്യക്തമായ വിവരങ്ങളില്ല. മെഡിക്കൽ കോളേജിന് സമീപം എച്ച്.എം.ടി പരിസരത്ത് കണ്ടെന്ന് ചിലർ അറിയിച്ചതിനാൽ അവിടെയും തെരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. ആശുപത്രികൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ ഇടങ്ങളിലും അന്വേഷിച്ചു.

തെരച്ചിൽ 11 ദിവസം പിന്നിട്ടെങ്കിലും മടങ്ങാൻ മനസ് അനുവദിക്കുന്നില്ലെന്ന് സാന്റോൺ ലാമ പറഞ്ഞു. ഗൂഗിളിൽ ജീവനക്കാരനായ സാന്റോണിന്റെ അവധി തീരാറായെങ്കിലും അച്ഛനെ കണ്ടെത്താതെ എങ്ങനെ മടങ്ങുമെന്ന വിഷമത്തിലാണ്. പത്രങ്ങളിൽ പരസ്യം നൽകിയതിനെ തുടർന്ന് പലരും വിളിച്ചെങ്കിലും വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ല. ഇടപ്പള്ളി ടോളിലെ ഓട്ടോ ഡ്രൈവർ താഹിറിന്റെ സഹായത്തോടെയാണ് അന്വേഷണം തുടരുന്നത്. സൂരജ് ലാമയുടെ ഭാര്യ റിന ലാമ നൽകിയ പരാതി അന്വേഷിക്കുന്ന നെടുമ്പാശേരി പൊലീസിനും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.