കൊച്ചി: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവേ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങിയ യാത്രക്കാരന് രക്ഷകനായി റെയിൽവേ പോർട്ടർ. എറണാകുളം നോർത്ത് സ്റ്റേഷനിൽ ശബരി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിലെ എ.സി കോച്ചിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട ആന്ധ്ര ആലംപുരം സ്വദേശി കൊത്താപ്പള്ളി നാഗരാജുവിനാണ് (67) റെയിൽവേയുടെ പാഴ്സൽ വിഭാഗം പോർട്ടർ തൃശൂർ ഒല്ലൂർ പെരുവാങ്കുളങ്ങര മങ്കുഴി വീട്ടിൽ രമേശിന്റെ (45) സമയോചിത ഇടപെടൽ രക്ഷയായത്.
ഇന്നലെ രാവിലെ 11.24ന് സ്റ്റേഷനിലെ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. ക്ഷേത്രദർശനത്തിന് കേരളത്തിലെത്തിയ നാഗരാജു ഗുണ്ടൂരിലേക്ക് മടങ്ങാൻ രാവിലെ 8.47നാണ് മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറിയത്. ബി-4 എയർ കണ്ടീഷൻ കോച്ചിലായിരുന്നു യാത്ര. നോർത്ത് സ്റ്റേഷനിലെത്തിയപ്പോൾ ആഹാരം വാങ്ങാൻ ഇറങ്ങിയതാണ്. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോഴാണ് തിരികെ കയറാൻ ഓടിയെത്തിയത്. വാതിലിൽ പിടിച്ച് ചാടിക്കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വാതിലിൽ തൂങ്ങിപ്പിടിച്ച് പ്ലാറ്റ്ഫോമിൽ കിടന്ന നാഗരാജുവുമായി ട്രെയിൻ മുന്നോട്ട് നീങ്ങി.
ഈ സമയം പ്ലാറ്റ്ഫോമിൽ ചെറിയ ട്രോളിയുമായി നീങ്ങുകയായിരുന്ന രമേശ് രക്ഷപ്പെടുത്താൻ ഓടിയെത്തി. യാത്രക്കാരന്റെ കൈയിലാണ് പിടികിട്ടിയത്. കൂടുതലൊന്നും ആലോചിക്കാതെ പ്ലാറ്റ്ഫോമിലേക്ക് സുരക്ഷിതമായി വലിച്ചിട്ടു. യാത്രക്കാർ ചങ്ങല വലിച്ചതോടെ ട്രെയിൻ നിർത്തി. ആർ.പി.എഫും റെയിൽവേ ഉദ്യോഗസ്ഥരുമെത്തി നാഗരാജുവിന് പരിക്കുകളില്ലെന്ന് ഉറപ്പാക്കിയ ശേഷം ഇതേ ട്രെയിനിൽ യാത്ര തുടരാൻ അനുവദിച്ചു. സംഭവത്തെ തുടർന്ന് ട്രെയിൻ അഞ്ചു മിനിറ്റോളം വൈകി. 15 കൊല്ലത്തിലേറെയായി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ പോർട്ടറാണ് രമേശ്. ഭാര്യ: രഷ്മ. മക്കൾ: വിദ്യാർത്ഥികളായ ശിവനന്ദൻ, ആദിലക്ഷ്മി.
‘ദിവസവും ഇങ്ങനെയുള്ള സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കാറുണ്ട്. പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. നീങ്ങിത്തുടങ്ങുന്ന ട്രെയിനിൽ ചാടിക്കയറുന്നതും ചാടിയിറങ്ങുന്നതും ഒഴിവാക്കണം.’
-രമേശ്