പറവൂർ: പൊലീസിൽനിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടിയ പ്രതി മരിച്ചു. പറവൂർ അമ്പാട്ടുവീട്ടിൽ എ.സി. മനോജാണ് (48) മരിച്ചത്. ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. തമിഴ്നാട്ടിലെ കാരയ്ക്കലിൽ ഒളിവിൽ പ്രതി കഴിയുന്നതറിഞ്ഞ് പറവൂർ പൊലീസ് പിടികൂടാനെത്തിയപ്പോൾ നാട്ടുകാർ നോക്കിനിൽക്കെ മനോജ് രണ്ടാംനിലയിൽ നിന്ന് താഴേക്ക് ചാടി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അർദ്ധരാത്രിയോടെ മരിച്ചു. മൃതദേഹം കാരയ്ക്കൽ ഗവ. ആശുപത്രി മോർച്ചറിയിൽ.
ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലെത്തിക്കും. കാരയ്ക്കൽ പൊലീസ് കേസെടുത്തു.
കഴിഞ്ഞമാസം 14ന് ലക്ഷ്മി കോളേജിന് സമീപത്തുവച്ച് രണ്ട് പുല്ലുവെട്ട് തൊഴിലാളികളെ ബ്ളേഡുകൊണ്ട് ശരീരത്തിൽ മുറിവേൽപ്പിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ്. ഒരാഴ്ചമുമ്പ് പറവൂർ സ്വകാര്യ ബസ്‌സ്റ്റാൻഡിൽവച്ച് പിടികൂടാനെത്തിയ പൊലീസ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു. പരേതരായ ചാക്കോ - മേരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മിനി, ഷിമ്മി, ഗ്രിഗർ, പരേതയായ നിമ്മി.