കൊച്ചി: മറൈൻഡ്രൈവ് വൃത്തിയായി സംരക്ഷിക്കുന്നതിന് മോണിട്ടറിംഗ് കമ്മിറ്റിക്ക് രൂപം നൽകണമെന്ന ഉത്തരവിൽ തുടർനടപടി ഉണ്ടാകാത്തതിനാൽ ഹൈക്കോടതിയിൽ കോടതി അലക്ഷ്യ ഹർജി ഫയൽചെയ്തു. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് കോടതിഅലക്ഷ്യ നടപടി ഒഴിവാക്കാൻ 23 നകം സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷപ്രകടിപ്പിച്ചു. വിഷയം അന്ന് വീണ്ടും പരിഗണിക്കും. ചിറ്റൂർ റോഡിൽ താമസിക്കുന്ന രഞ്ജിത് ജി. തമ്പിയാണ് കോടതിയലക്ഷ്യ ഹർജി ഫയൽചെയ്തത്.

'കൊച്ചി മറൈൻഡ്രൈവ് മോണിട്ടറിംഗ് കമ്മറ്റി' എന്ന പേരിൽ കമ്മറ്റിക്ക് രൂപം നൽകണമെന്നായിരുന്നു കഴിഞ്ഞ ഏപ്രിലിൽ ഹൈക്കോടതി ഉത്തരവിട്ടത്. നാലാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ ഉത്തരവിടണമെന്നും നിർദ്ദേശിച്ചിരുന്നു. ജില്ലാ കളക്ടർ, സിറ്റി പൊലീസ് കമ്മിഷണർ, മലിനീകരണ നിയന്ത്രണബോർഡ് സെക്രട്ടറി, ജി.സി.ഡി.എ സെക്രട്ടറി, കോർപ്പറേഷൻ സെക്രട്ടറി എന്നിവർ നാലാഴ്ചയ്ക്കകം യോഗംചേർന്ന് കമ്മിറ്റിക്ക് രൂപം നൽകണമെന്നായിരുന്നു നിർദ്ദേശം. മേൽനോട്ടത്തിന് സ്ഥിരംസംവിധാനം രൂപം നൽകുന്നതിനായിരുന്നു ഇത്. ഓരോ വകുപ്പിലെയും സീനി​യർ ഉദ്യോഗസ്ഥരെ ആയിരിക്കണം ഇതിൽ അംഗങ്ങളാക്കേണ്ടതെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തുടർനടപടി ഉണ്ടായില്ലെന്നത് അഭ്ഭുതപ്പെടുത്തുന്നുവെന്ന് കോടതി പറഞ്ഞു.