pic1
സേതു സാഗർ വൺ റോറോ വെസൽ തകരാറിലായതിനെ തുടർന്ന് ഫോർട്ട്‌കൊച്ചിയിൽ ഇരുചക്ര വാഹനങ്ങളുടെ തിരക്ക്‌

മട്ടാഞ്ചേരി: ഫോർട്ട്‌കൊച്ചി - വൈപ്പിൻ അഴിമുഖ കടത്തിനുള്ള റോറോ വെസലുകളിൽ ഒരെണ്ണം കഴിഞ്ഞദിവസം തകരാറിലായത് യാത്രക്കാരെ ദുരിതത്തിലാക്കി. സേതു സാഗർ വൺ വെസലാണ് യന്ത്രത്തകരാറിനെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി മാറ്റിയത്. ഇപ്പോൾ സേതു സാഗർ രണ്ട് റോറോ വെസൽ മാത്രമാണ് സർവീസ് നടത്തുന്നത്. അപ്രതീക്ഷിതമായി ഒരു വെസൽ തകരാറിലായതോടെ കഴിഞ്ഞ ദിവസം നിരവധി യാത്രക്കാരാണ് ഇരു കരകളിലുമായി കുടുങ്ങിയത്. രാവിലെ സ്‌കൂളിലേക്കും വിവിധ ഓഫിസുകളിലേക്കും എത്തേണ്ടവർ വലഞ്ഞു. പലരും നഗരം ചുറ്റി യാത്ര ചെയ്യേണ്ടി വന്നു. ഇരുകരകളിലും ഇരുചക്ര വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.

നേരത്തേ വെസലുകൾ സർവീസ് നിറുത്തിയാലും ബോട്ട് സർവീസ് ഉണ്ടായിരുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു.എന്നാൽ നഷ്ടത്തിന്റെ പേരിൽ കിൻകോ ഈ സർവീസ് നിറുത്തിയിരിക്കുകയാണ്. ഫിറ്റ്‌നസ് പുതുക്കാതെ മാസങ്ങളായി മാറ്റിയിട്ടിരിക്കുന്നതിനാൽ ഫോർട്ട്ക്യൂൺ എന്ന യാത്രാബോട്ട് തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലാണ്.

അതിനിടെ സർവീസ് നടത്തിപ്പിൽ കൊച്ചി നഗരസഭയും കിൻകോയും ഒത്തുകളിക്കുകയാണന്ന ആക്ഷേപവും ഉയരുന്നുണ്ട്. അഴിമുഖ കടത്തിനായുള്ള റോ റോ സർവീസ് കാര്യക്ഷമമാക്കാതെയും നിലവിലുള്ള ബോട്ട് സർവീസ് നിറുത്തലാക്കിയും നടത്തിപ്പുകാർ കരാർ ലംഘനം നടത്തി യാത്രക്കാരെ ദുരിതത്തിലാക്കുന്നുവെന്ന പരാതിയുമുണ്ട്. 2016ൽ തുടങ്ങിയ റോ റോ സർവീസ് ഒൻപത് വർഷം പിന്നിടുമ്പോൾ നിരന്തരമായുണ്ടാകുന്ന തകരാറുകളും യാത്രാ നിരക്ക് വർദ്ധനയും യാത്രക്കാരെ വലിയതോതിൽ ബുദ്ധിമുട്ടിക്കുന്നതായി ജനകീയ സംഘടനകൾ പറയുന്നു. റോറോ വെസലിന്റെ അറ്റകുറ്റപ്പണി പൂർത്തിയാകാൻ ഒരാഴ്ചയിലധികം എടുക്കുമെന്നാണ് പറയുന്നത്.