കൊച്ചി: സ്വതന്ത്രചിന്തകരായ വ്യക്തികളെ ആദരിക്കുന്നതിന് എസെൻസ് ഗ്ലോബൽ ലിറ്റ്മസ് നൽകുന്ന ഈ വർഷത്തെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ തസ്ലീമ നസ്റീന് നൽകും. 50,000രൂപയും പ്രശംസാപത്രവും പതക്കവും അടങ്ങിയ അവാർഡ് 19ന് കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്രേഡിയത്തിൽ നടക്കുന്ന സ്വതന്ത്രചിന്ത സമ്മേളനത്തിൽ വിതരണം ചെയ്യും.

30,000രൂപയും പ്രശംസാപത്രവും പതക്കവുമടങ്ങിയ എസെൻസ് ഫ്രീതിങ്കർ ഒഫ് ദ ഇയർ അവാർഡ് ഡോ. ആരിഫ് ഹുസൈൻ തെരുവത്ത്, 25,000രൂപയും പ്രശംസാപത്രവും പതക്കവുമടങ്ങിയ യംഗ് ഫ്രീതിങ്കർ അവാർഡ് പ്രസാദ് വേങ്ങര, വി. രാകേഷ് എന്നിവർക്കും വിതരണം ചെയ്യും. സമൂഹത്തിൽ ശാസ്ത്രപരത വളർത്താനുതകുന്ന പ്രവർത്തനങ്ങൾക്കുള്ള പതിനായിരംരൂപയും പ്രശംസാപത്രവും അടങ്ങുന്ന പോപ്സൈപ്രൈസ് ശാസ്ത്രപ്രചാരകരായ വിജയകുമാർ ബ്ലാത്തൂർ, വിഷ്ണു വാസുദേവ്, ചന്ദ്രശേഖർ രമേഷ് എന്നിവർക്ക് സമ്മാനിക്കും.

എസെൻസ് ഗ്ലോബൽ ലിറ്റ്മസ് പ്രസിഡന്റ് പ്രവീൺ വി.കുമാർ, പ്രോഗ്രാം കോ-ഓർ‌ഡിനേറ്റർ ബെന്നി വർഗീസ്, പ്രമോദ് എഴുമറ്റൂർ, എം. റിജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.