കളമശേരി: മൂന്നര പതിറ്റാണ്ട് മുമ്പ് ഏലൂർ കിഴക്കുംഭാഗം ദേവി ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ പഞ്ചലോഹ വിഗ്രഹം തിരിച്ചുകിട്ടി. ജോത്സ്യൻ മറ്റം ജയകൃഷ്ണ പണിക്കരുടെ കാർമികത്വത്തിൽ അഷ്ടമംഗല്യ പ്രശ്നം നടക്കവെ രണ്ട് മുത്തപ്പന്മാർ ക്ഷേത്രത്തിൽ ഉണ്ടെന്ന് സൂചിപ്പിച്ചപ്പോഴാണ് 72 വയസുള്ള ലീലാ കേശവനാണ് സ്റ്റോർ റൂമിലെ അലമാരയിൽ ഒരു വിഗ്രഹം ഇരിക്കുന്നുണ്ടെന്ന് പറഞ്ഞത്. ഇപ്പോഴത്തെ ക്ഷേത്രം ഭാരവാഹികൾ അടക്കം ആർക്കും ഇക്കാര്യം അറിയില്ലായിരുന്നു.

1990ൽ ഈ വിഗ്രഹം മോഷണം പോയിരുന്നു. വിഗ്രഹവുമായി പോകുന്ന മോഷ്ടാവിനെ അതുവഴി വന്ന ബസ് ഡ്രൈവർ കണ്ടു. ഇതോടെ വിഗ്രഹം ഡ്രൈവർക്ക് നേരെ വലിച്ചെറിഞ്ഞ് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തൊണ്ടി മുതലായ വിഗ്രഹം കോടതിയിലായതോടെ ക്ഷേത്രത്തിൽ പുതിയ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു.

കേസ് നടപടികൾ പൂർത്തിയായി രണ്ടു മൂന്നു കൊല്ലം കഴിഞ്ഞ് കിട്ടിയ വിഗ്രഹം സ്റ്റോർ റൂമിലേക്ക് മാറ്റുകയായിരുന്നു.

ഇപ്പോൾ കണ്ടെത്തിയ വിഗ്രഹം ഒരേ പീഠത്തിൽ മുത്തപ്പന്റെ വലതുവശത്ത് പ്രതിഷ്ഠിക്കും.