
പെരുമ്പാവൂർ: സിഡ്‌നിയിൽ നടന്ന 76ാമത് ഇന്റർനാഷണൽ ആസ്‌ട്രോണോട്ടിക്കൽ കോൺഗ്രസിൽ (ഐ.എ.സി. 2025) മുഖ്യ അവതാരകനായി 26കാരനായ മലയാളി യുവാവ്. ആഗോള ബഹിരാകാശസൈബർ സുരക്ഷാ രംഗത്ത് ശ്രദ്ധേയമായ പഠനമാണ് ആരോമൽ സുജിത്ത് ഐ.എ.സി. 2025ൽ അവതരിപ്പിച്ചത്.
ഐ.എ.സി. 2025ലെ അഞ്ചാം സെഷനായ 'വിജയകരമായ ബഹിരാകാശ, പ്രതിരോധ പരിപാടികൾക്ക് തന്ത്രപരമായ റിസ്‌ക് മാനേജ്മന്റ്' എന്ന സിമ്പോസിയത്തിലാണ് ആരോമൽ സുജിത്ത് പ്രബന്ധം അവതരിപ്പിച്ചത്. ബഹിരാകാശ പ്രവർത്തനങ്ങളുടെ സുരക്ഷ, സ്ഥിരത, സുസ്ഥിരത എന്നിവയെക്കുറിച്ചുള്ള ഈ സെഷനിൽ 'ആധുനിക നിരീക്ഷണത്തിലെ സ്ട്രാറ്റോസ്‌ഫെറിക് ബലൂണുകൾ: ദേശീയ സുരക്ഷയുമായി ബന്ധപ്പെടുത്തുന്ന നവീകരണത്തിൽ താരതമ്യ വിശകലനം' എന്ന പ്രബന്ധമാണ് അദ്ദേഹം അവതരിപ്പിച്ചത്.
ഭൂമിയുടെ അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിരുകളിൽ പ്രവർത്തിക്കുന്ന സ്ട്രാറ്റോസ്‌ഫെറിക് ബലൂണുകൾ എങ്ങനെ ആധുനിക ഇന്റലിജൻസ്, സർവെയ്‌ലൻസ്, റിക്കോണസൻസ് (ഐ.എസ്.ആർ.) രംഗത്തെ മാതൃക മാറ്റുന്നു എന്നാണ് ആരോമൽ സുജിത്തിന്റെ പ്രബന്ധം പരിശോധിക്കുന്നത്.
പെരുമ്പാവൂരിൽ പരേതനായ എസ്.ആർ. സുജിത്തിന്റെയും പെരുമ്പാവൂർ മുനിസിപ്പൽ മുൻ കൗൺസിലർ ബിജി എസ്. സദാശിവന്റെയും മകനാണ് ആരോമൽ സുജിത്ത്. എസ്.സി.എം.എസ്. സ്‌കൂൾ ഒഫ് എൻജിനിയറിങ്ങിൽനിന്ന് ബിരുദം നേടിയ ആരോമലിന് പഠന സമയത്തുതന്നെ ഫ്രാൻസിലെ ലിയോൺ ആസ്ഥാനമായ ഇന്റർപോളിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചിരുന്നു.
തുടർന്ന് യു.എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് പ്രകാരം ഉയർന്ന നിലവാരമുള്ള കാർണെഗി മെല്ലൺ യൂണിവേഴ്‌സിറ്റിയിൽ സൈബർ ഫോറൻസിക്‌സും ഇൻസിഡന്റ് റെസ്‌പോൺസും വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനോടുകൂടി ഇൻഫർമേഷൻ സെക്യൂരിറ്റിയിൽ മാസ്റ്റർ ഒഫ് സയൻസ് ബിരുദം നേടി. നിലവിൽ വാഷിംഗ്്ടൺ ഡി.സി.യിലാണ് ആരോമൽ താമസിക്കുന്നത്.