മട്ടാഞ്ചേരി: ദീപാവലി ദീപങ്ങളുടെ ഉത്സവമായാണ് അറിയപ്പെടുന്നതെങ്കിലും മധുര പലഹാരം ഉത്സവത്തിലെ അവിഭാജ്യഘടകമാണ്. വിവിധ തരത്തിലുള്ള പലഹാരങ്ങൾ തയ്യാറാക്കിയാണ് വിപണി സജീവമാകുന്നത്. അറുപതിലേറെ വിഭവങ്ങളാണ് വിപണിയിൽ സുപ്രധാനമായിട്ടുള്ളത്. പശ്ചിമകൊച്ചിയിൽ ദീപാവലി വിഭവങ്ങളുമായി പ്രത്യേകപെട്ടികൾതന്നെ വിപണിയിൽ ഒരുക്കിയിട്ടുണ്ട്. ഇനങ്ങൾ തിരിച്ച് കിലോ 380രൂപ മുതലാണ് വില. ഇതിൽ നാളികേര ഹൽവ മുതൽ ഏഴുതരം ഹൽവ, നാലുതരം മൈസൂർപാക്ക്, നാല് തരം സാട്ടകൾ, ഏഴുതരം ലഡു, മൂന്ന് തരം കശുവണ്ടി ബർഫികൾ കൂടാതെ ബദാം അടക്കമുള്ള ഉണക്കഫലങ്ങൾ ചേർത്തുള്ള പ്രത്യേക പാക്കറ്റുകളും വിപണിയിൽ തരംഗമാണ്. നാടൻ വിഭവങ്ങൾക്കൊപ്പം പരമ്പരാഗത ഇനങ്ങളും വിപണിയിലുണ്ട്. ബ്രാൻഡഡ് ഇനങ്ങൾക്കൊപ്പം പ്രാദേശിക നിർമ്മാതാക്കളും വിപണിയിൽ സജീവമാണ്. മുൻവർഷങ്ങളിലെപ്പോലെ കമ്പനികളിൽനിന്നുള്ള ഓർഡറുകൾ കുറവാണ്.
കൊച്ചി, ആലപ്പുഴ, കോഴിക്കോട്, കാസർകോട് തുടങ്ങിയിടങ്ങളിലാണ് വടക്കേയിന്ത്യൻ പലഹാര വിപണി സജീവമായിട്ടുള്ളത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പലഹാരങ്ങളും വിപണിയിൽ സജീവമാണ്.