
ആലുവ: ആലുവ റെയിൽവേ നടപ്പാലം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മാർച്ച് 31നകം തുറക്കുമെന്ന റെയിൽവേയുടെ വാഗ്ദാനം ഏഴുമാസം പിന്നിട്ടിട്ടും പാലിച്ചില്ല. കഴിഞ്ഞ നവംബറിൽ മുന്നറിയിപ്പില്ലാതെ പാലം അടച്ചുപൂട്ടിയപ്പോൾ ഉണ്ടായ പോർവിളികളെല്ലാം മുന്നണികളും മറന്നതോടെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും മുനിസിപ്പൽ സ്റ്റാൻഡ് പരിസരത്തേക്കുള്ള എളുപ്പവഴിയാണ് അടഞ്ഞത്. കാൽനടയാത്രക്കാരായ തൊഴിലാളികളും വിദ്യാർത്ഥികളുമാണ് വലയുന്നത്.
നടപ്പാലം അറ്റകുറ്റപ്പണിക്ക് നഗരസഭ പണം അടച്ചില്ലെന്ന് ആരോപിച്ച് മുന്നറിയിപ്പില്ലാതെയാണ് റെയിൽവേ നടപ്പാലം അടച്ചത്. എന്നാൽ അറ്റകുറ്റപ്പണി റെയിൽവേയാണ് ചെയ്യേണ്ടതെന്ന നിലപാടിൽ നഗരസഭ ഉറച്ചുനിന്നു. മാത്രമല്ല, നടപ്പാലത്തിൽ ഏതെങ്കിലും തരത്തിലുള്ള മരാമത്ത് വേലകൾ ചെയ്യാൻ നഗരസഭയ്ക്ക് അധികാരമില്ലെന്നും നടപ്പാലത്തിന്റെ പരിപാലനത്തിനുള്ള തുക റെയിൽവേ ആവശ്യപ്പെടുന്നതനുസരിച്ച് നഗരസഭ അടയ്ക്കുന്നുണ്ടെന്നുമായിരുന്നു നഗരസഭയുടെ നിലപാട്. കൂടാതെ പാലത്തിലെ വൈദ്യുതി വാടകയും നഗരസഭ അടച്ചിട്ടുണ്ട്. ഇതിനിടെ സി.പി.എം., ബി.ജെ.പി. കക്ഷികളെല്ലാം വിഷയം ഏറ്റെടുത്തതോടെ സംഭവം വിവാദമായി.
സമയപരിധി പാഴായി
2024 ഡിസംബർ 31നകം അറ്റകുറ്റപ്പണി പൂർത്തീകരിച്ച് പാലം തുറക്കണമെന്നാണ് റെയിൽവേ ഡിവിഷണൽ മാനേജരോട് ആലുവ നഗരസഭ രേഖാമൂലം ആവശ്യപ്പെട്ടത്. എന്നാൽ, 2025 മാർച്ച് 31 വരെ സമയം വേണമെന്നായിരുന്നു റെയിൽവേയുടെ മറുപടി. എന്നാൽ റെയിൽവേ ആവശ്യപ്പെട്ട സമയവും ഏഴുമാസവും കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി തീർന്നില്ല.
ചാലക്കുടി, തൃശൂർ റെയിൽവേ സ്റ്റേഷനുകളിലെ നടപ്പാലത്തിന്റെയും അറ്റകുറ്റപ്പണി കരാർ എടുത്തവരാണ് ആലുവയിലെ നടപ്പാലവും നവീകരിക്കുന്നത്. നടപ്പാതകളുടെ കോൺക്രീറ്റിംഗ് പൂർത്തിയാക്കിയെങ്കിലും ഇരുവശത്തെയും ബാരക്കേഡുകളുടെ അറ്റകുറ്റപ്പണി തീർന്നിട്ടില്ല. തുരുമ്പെടുത്തവ മാറ്റി പെയിന്റിംഗ് ചെയ്യണം.
മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു
ആലുവ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് മുന്നിൽനിന്ന് റെയിൽവേയ്ക്ക് കുറുകെ ഗവ. ബോയ്‌സ് സ്‌കൂൾ ഭാഗത്തേക്കുള്ള നടപ്പാലം അറ്റകുറ്റപ്പണി നടത്തി തുറന്നുകൊടുക്കാത്ത വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടിരുന്നു. ബി.ജെ.പി. ആലുവ മുനിസിപ്പൽ പ്രസിഡന്റ് ആർ. പത്മകുമാറാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. ഇതേത്തുടർന്ന് എതിർകക്ഷികളായ ആലുവ നഗരസഭയ്ക്കും റെയിൽവേയ്ക്കും കമ്മിഷൻ നോട്ടീസ് അയച്ചു. നഗരസഭയ്ക്കും റെയിൽവേയ്ക്കും നോട്ടീസ് അയച്ചെങ്കിലും അറ്റകുറ്റപ്പണിക്ക് വേഗതയൊന്നും ഉണ്ടായില്ല.