* സംഭവം മാമലക്കണ്ടം കൊയ്‌നിപ്പാറയിൽ
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം കൊയ്‌നിപ്പാറയിൽ കൃഷിയിടത്തിൽ തൊഴിലെടുത്തുകൊണ്ടിരുന്ന രണ്ട് സ്ത്രീകൾക്ക് മലമുകളിൽ നിന്ന് പാറക്കല്ല് പതിച്ച് പരിക്കേറ്റു. കൊയ്‌നിപ്പാറ വറവുങ്കൽ തങ്കച്ചന്റെ ഭാര്യ രമണി (58), പുറക്കാട്ട് കുട്ടായിയുടെ ഭാര്യ തങ്കമണി (61) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. രമണിയുടെ പരിക്ക് ഗുരുതരമാണ്.
പാറക്കല്ല് വീഴുന്ന ശബ്ദവും ഇരുവരുടേയും നിലവിളിയും കേട്ടാണ് നാട്ടുകാരെത്തിയത്. കല്ലു തട്ടി വീണുകിടക്കുകയായിരുന്നു രമണി. ഇന്നലെ രാവിലെ എട്ടുമണിയോടെ രമണിയുടെ കൃഷിയിടത്തിൽവച്ചാണ് സംഭവം. ഇവിടേക്ക് വാഹനമെത്തുന്ന വഴിയില്ലാത്തതിനാൽ ഇരുവരേയും ഒന്നരകിലോമീറ്ററോളം അകലെയുള്ള റോഡിൽ എത്തിക്കാൻ ഏറെ പ്രയാസപ്പെട്ടു. തുണിയും മുളയും കൊണ്ടുണ്ടാക്കിയ താത്കാലിക മഞ്ചലിൽ കിടത്തി രമണിയെ കുത്തനെയുള്ള മലഞ്ചെരുവിലൂടെ ചുമന്ന് വാഹനത്തിൽ എത്തിക്കുകയായിരുന്നു. 108 ആംബുലൻസിലാണ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. രമണിയുടെ നട്ടെല്ലിനും കാലിനും പരിക്കുണ്ട്. തങ്കമണിക്കും നട്ടെല്ലിന് ക്ഷതമുണ്ട്. ഇരുവരേയും താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ദ്ധ ചികിത്സക്കായി കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലമുകളിൽനിന്ന് കല്ല് താഴേക്ക് പതിക്കാനുള്ള കാരണം വ്യക്തമല്ല.