
കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറയിൽ തേനീച്ചകളുടെ കുത്തേറ്റ് കറവ പശുക്കൾ അവശനിലയിലായി. കൊറ്റാലിൽ സാബു മേയാൻ വിട്ടിരുന്ന കറവ പശുക്കളെയാണ് തേനീച്ചകൂട്ടം ആക്രമിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. ആറ് പശുക്കളിൽ മൂന്നെണ്ണത്തിനാണ് കുത്തേറ്റത്. സമീപത്തെ കൃഷിയിടത്തിലുള്ള തെങ്ങിലാണ് തേനീച്ചയുടെ കൂടുള്ളത്. കുറച്ച് ദിവസമായി ഇവയുടെ ഭീക്ഷണിയുണ്ടായിരുന്നു. പരുന്തിന്റെ ആക്രമണമുണ്ടാകുമ്പോൾ തേനീച്ചകൂട്ടം ഇളകി പരിസരത്തെങ്ങും വ്യാപിക്കും. തേനീച്ച കൂട് ഒഴിവാക്കണമെന്ന് സാബു ആവശ്യപ്പെട്ടെങ്കിലും സ്ഥലം ഉടമ തയ്യാറായില്ല. ഫയർഫോഴ്‌സും വനപാലകരും സഹായം നൽകാൻ തയ്യാറായില്ലെന്ന് സാബു പറഞ്ഞു.