കൊച്ചി: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റ് ഇല്ലാത്തതിനാൽ രോഗികളെ സ്‌ട്രെക്ചറിൽ ചുമന്നുകൊണ്ടുപോയതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് എറണാകുളം ഡി.എം.ഒ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അംഗപരിമിതരെയും നടക്കാൻ ബുദ്ധിമുട്ടുള്ളവരെയും ആശുപത്രിയുടെ താഴത്തെ നിലയിലാണ് പ്രവേശിപ്പിക്കുന്നതെന്ന് റിപ്പോർട്ടിലുണ്ട്. ആഗസ്റ്റ് 26ന് പത്തടിപ്പാലം റസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിംഗിൽ ഡി.എം.ഒയുടെ പ്രതിനിധിയും താലൂക്ക് ആശുപത്രി സൂപ്രണ്ടും ഹാജരായിരുന്നു.
താലൂക്ക് ആശുപത്രിയിലെ ഒ.പിയും കാഷ്വാലിറ്റിയും ഒരു ബ്ലോക്കിലായിരുന്നുവെന്നും വാർഡ് നവീകരണം നടത്തിയ സമയത്ത് ഒ.പിയും കാഷ്വാലിറ്റിയും താത്കാലികമായി താഴത്തെ നിലയിലേക്ക് മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. അഞ്ചാം വാർഡിലെ കിടപ്പുരോഗികളെ ഒന്നാം നിലയിലുള്ള ആറാം വാർഡിലേക്ക് മാറ്റി.
ആശുപത്രിയിൽ ലിഫ്റ്റ് ഇല്ലാത്തതിനാൽ പടിക്കെട്ട് വഴിയാണ് ഇവരെ കൊണ്ടുപോയത്. ഇതാണ് പരാതിക്ക് ആസ്പദമായത്. ബ്ലോക്കിന്റെ നവീകരണം പൂർത്തിയാക്കി ഒ.പിയും കാഷ്വാലിറ്റിയും ആ ബ്ലോക്കിലേക്ക് മാറ്റിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആശുപത്രി കെട്ടിടം പഴക്കം ചെന്നതിനാൽ ലിഫ്റ്റ് സ്ഥാപിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും കിടപ്പുരോഗികളുടെ എണ്ണം വർദ്ധിച്ചാൽ കുറെ രോഗികളെയെങ്കിലും മുകളിലത്തെ നിലയിലുള്ള വാർഡിൽ പ്രവേശിപ്പിക്കേണ്ടി വന്നേക്കാമെന്നും സൂപ്രണ്ട് അറിയിച്ചു.
കമ്മിഷൻ സ്വമേധയാ കേസെടുക്കാനുള്ള വിഷയങ്ങളും ബുദ്ധിമുട്ടുകളും പരിഹരിച്ച സാഹചര്യത്തിൽ കേസ് തീർപ്പാക്കി.