പറവൂർ: വെളിയത്തുനാട് തന്ത്രവിദ്യാപീഠം വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് നൽകിവരുന്ന ആചാര്യപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

താന്ത്രികാചാര്യൻ കല്പുഴ ദിവാകരൻ നമ്പൂതിരിപ്പാട് സ്മാരക ആചാര്യപുരസ്കാരം ഏഴു ദശാബ്ദത്തിലധികമായി കേരളീയ ക്ഷേത്രപദ്ധതിക്ക് നൽകിവരുന്ന സമഗ്ര സംഭാവനകൾ പരിഗണിച്ച് കെ.പി.സി വിഷ്ണുഭട്ടതിരിപ്പാട് (തന്ത്രശാസ്ത്രം), താന്ത്രികാചാര്യൻ വേഴപ്പറമ്പ് പരമേശ്വരൻ നമ്പൂതിരിപ്പാട് സ്മാരക ആചാര്യ പുരസ്കാരം അഞ്ചുപതിറ്റാണ്ടിലധികമായി കേരളീയ സമ്പ്രദായത്തിൽ അതിരാത്രയജ്ഞങ്ങളിലും സോമയാഗങ്ങളിലും നിറഞ്ഞ സാന്നിദ്ധ്യം കണക്കിലെടുത്ത് തോട്ടം കൃഷ്ണൻ നമ്പൂതിരി (വൈദികസംസ്കൃതി), കെ.പി.സി നാരായണൻ ഭട്ടതി​രി​പ്പാട് സ്മാരക ആചാര്യപുരസ്കാരം അക്ഷരശ്ലോകരംഗത്ത് ശാസ്ത്രീയവും ഗവേഷണാത്മകവുമായ പഠനങ്ങൾ നടത്തുകയും വിദ്യാർത്ഥികളെ അക്ഷരശ്ലോകം അഭ്യസിപ്പിക്കുകയും ചെയ്യുന്ന രാമചന്ദ്രഅയ്യർ മാസ്റ്റർ (കലാവിഭാഗം) എന്നിവർക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്.

ആചാര്യസ്മൃതി ദിനാചരണത്തോടനുബന്ധിച്ച് നവംബർ മൂന്നിന് തന്ത്ര വിദ്യാപീഠത്തിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കും.