കൊച്ചി: അപകട ചികിത്സാച്ചെലവിനായുള്ള ഇൻഷ്വറൻസ് ക്ലെയിം 'മുൻ രോഗാവസ്ഥ വെളിപ്പെടുത്തിയില്ല' എന്ന കാരണത്താൽ നിരസിച്ച കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി.
മൂവാറ്റുപുഴ സ്വദേശി ജോയ് പൗലോസ് ആദിത്യ ബിർള ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിക്കെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. അപകടത്തെ തുടർന്നുണ്ടായ ചികിത്സാച്ചെലവ് മുൻ രോഗാവസ്ഥയുമായി ബന്ധിപ്പിച്ച് ക്ലെയിം നിഷേധിച്ചത് നിയമപരമല്ലെന്ന് കോടതി കണ്ടെത്തി. ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് നടപടി.
ക്ലെയിം തുകയായ 81,042 രൂപ പരാതിക്കാരന് 12 ശതമാനം വാർഷിക പലിശയോടെ നൽകണം. കൂടാതെ 30,000രൂപ നഷ്ടപരിഹാരവും 5,000രൂപ കോടതി ചെലവും 45 ദിവസത്തിനകം നൽകണമെന്ന് എതിർകക്ഷിക്ക് കോടതി ഉത്തരവ് നൽകി.