കൊച്ചി: മലയാളിയായ ഫാർമസ്യൂട്ടിക്കൽസ് കമ്പനി ഉടമയിൽ നിന്ന് തട്ടിയെടുത്ത 25 കോടി രൂപയിൽ നല്ലൊരുപങ്കും സൈബർ സംഘം വിദേശത്തേയ്ക്ക് കടത്തി. ക്രിപ്‌റ്റോ കറൻസിയായി എക്‌സ്ചേഞ്ച് ചെയ്ത ശേഷം യു.എസ്. ഡോളറായി മാറ്റുകയാണ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ആയിരത്തിലധികം അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചിരുന്നു. ഇതിലാണ് പണക്കടത്ത് വ്യക്തമായത്. നഷ്ടപ്പെട്ട പണത്തിൽ 20 ലക്ഷം രൂപ അന്വേഷണത്തിന്റെ തുടക്കത്തിൽ വീണ്ടെടുത്തിരുന്നു. പിന്നാലെ 30 ലക്ഷം രൂപ തടഞ്ഞുവയ്പ്പിക്കാനും പൊലീസിന് സാധിച്ചു. തടഞ്ഞുവച്ച പണം വീണ്ടെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. ശേഷിച്ച തുക വിദേശത്തേയ്ക്ക് കടത്തിയതെന്നാണ് സംശയിക്കുന്നത്.
കാപിറ്റലിക്‌സ് എന്ന വൻകിട കമ്പനിയുടെ വ്യാജ സൈറ്റിലൂടെയും ആപ്പിലൂടെയും നിക്ഷേപം നടത്തിപ്പിച്ചാണ് സംഘം പണം തട്ടിയത്. സൈബർ തട്ടിപ്പ് സംഘത്തിന്റെ കേന്ദ്രം കംബോഡിയാണെന്നാണ് നിഗമനം. നേരത്തെ സൈപ്രസ് എന്നായിരുന്നു കരുതിയിരുന്നത്. തുടർന്ന് പൊലീസ് സൈപ്രസർ എംബസിക്കും മറ്റും സൈബർ തട്ടിപ്പ് സംബന്ധിച്ച് കത്തുകളും മറ്റും നിൽകിയിരുന്നു. ഇതിലൊന്നും മറുപടി ലഭിച്ചില്ല. ഇന്നലെ അറസ്റ്റിലായ പ്രതികൾ തായ്‌ലാൻഡ്, കംബോഡിയ പൗരമാരെ നേരിൽകണ്ടിട്ടുണ്ട്. ഇതിനാൽ നിന്നാണ് പിന്നിൽ കംബോഡിയയിലെ സൈബർ തട്ടിപ്പ് സംഘമായിരിക്കാമെന്ന് നിഗമനത്തിൽ എത്തിയത്.
രാജ്യാന്തര സൈബർ തട്ടിപ്പുകളിൽ നേരത്തെയും പ്രതിസ്ഥാനത്ത് വന്ന കമ്പനിയാണ് ക്യാപിറ്റാലിക്‌സ്. എളംകുളം സ്വദേശിയായ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടമയെ കബളിപ്പിച്ച് 2023 മാർച്ച് മുതൽ 2025 വരെയുള്ള കാലയളവിലാണ് 24.7 കോടി രൂപ തട്ടിപ്പ്‌സംഘം കൈക്കലാക്കിയത്. 2023ൽ ഏതാനും മാസം മാത്രമേ പണം നിക്ഷേപിച്ചിട്ടുള്ളൂ. ഓരോ തവണ നിക്ഷേപിക്കുമ്പോഴും ഇരട്ടി തുക അക്കൗണ്ടിൽ ലാഭമായി കാണിച്ചിരുന്നു. നിക്ഷേപം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് വ്യാജ ആപ്പാണെന്നു മനസിലായത്. അടുത്തിടെയാണ് ഇയാൾ പൊലീസിനെ സമീപിച്ചത്.