കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന സീനിയർ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂരിനും ആലപ്പുഴയ്ക്കും ജയം. രാവിലെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പാലക്കാടിനെ കണ്ണൂർ തോൽപിച്ചു. 26ാം മിനിറ്റിൽ പി.കെ ആകാശ് കണ്ണൂരിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ ക്യാപ്റ്റൻ എം.വി ശ്രീവിഷ്ണു നേടിയ ഗോളിൽ ടീം വിജയം സ്വന്തമാക്കി.

വൈകിട്ട് നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ (3-2) ആതിഥേയരായ എറണാകുളത്തെ ആലപ്പുഴ വീഴ്ത്തി. നിശ്ചിത സമയത്ത് ഇരുടീമുകളും സമനില പാലിച്ചു. (1-1). ഷൂട്ട് ഔട്ടിൽ എറണാകുളത്തിന്റെ മൂന്ന് ഷോട്ടുകളാണ് ഗോൾകീപ്പർ പാർഥീവ് കെ.എം തടഞ്ഞിട്ടത്. ആലപ്പുഴക്കായി ഷിബിൻ പി, അബു അൻഫാൽ അമീൻ, ഷാൽബിൻ ബെന്നി എന്നിവർ ലക്ഷ്യം കണ്ടു. ജയത്തോടെ കണ്ണൂരും ആലപ്പുഴയും ക്വാർട്ടർ ഫൈനലിൽ കടന്നു.

ഇന്ന് വൈകിട്ട് 3.45നാണ് ഇരുടീമുകളും തമ്മിലുള്ള മത്സരം. രാവിലെ 7.30ന് മൂന്നാം ക്വാർട്ടർ ഫൈനലിൽ നിലവിലെ റണ്ണേഴ്‌സ് അപ്പായ തിരുവനന്തപുരം ഇടുക്കിയെ നേരിടും. വിജയികൾ ആലപ്പുഴ കണ്ണൂർ മത്സരവിജയികളുമായി സെമിഫൈനലിൽ മത്സരിക്കും. 19ന് വൈകിട്ട് 3.45ന് നടക്കുന്ന ആദ്യസെമിഫൈനലിൽ കോട്ടയം തൃശൂരിനെ നേരിടും. 21നാണ് ഫൈനൽ മത്സരം.