liby
ലിബി

കൊച്ചി: ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ കൊച്ചി കോർപ്പറേഷൻ ഓഫീസിലെ അക്കൗണ്ട്സ് വിഭാഗം സീനിയർ ക്ലർക്ക് കണ്ടെയ്‌നർ ലോറിക്കടിയിൽപ്പെട്ട് ദാരുണമായി മരിച്ചു. വരാപ്പുഴ മണ്ണംതുരുത്ത് എസ്.എൻ നഗർ കൊമറോത്ത് വീട്ടിൽ സൈറസ് മാത്യുവിന്റെ ഭാര്യ വി.എക്സ്. ലിബിയാണ് (45) മരിച്ചത്.

കണ്ടെയ്നർ റോഡിൽ ബോൾ‌ഗാട്ടി ജംഗ്ഷനും പൊന്നാരിമംഗലം ടോൾപ്ലാസയ്ക്കുമിടയിൽ ബിവറ‌േജസ് ഷോപ്പിന് സമീപം ഇന്നലെ വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. വരാപ്പുഴ ഭാഗത്തേക്ക് പോയ സ്കൂട്ടറിനെ കണ്ടെയ്നർ ലോറി മറികടക്കുന്നതിനിടെയായിരുന്നു അപകടം. ലോറിക്കടിയിലേക്ക് തെറിച്ചു വീണ ലിബിയയുടെ തലയിലൂടെ പിൻചക്രങ്ങൾ കയറി തൽക്ഷണം മരിച്ചു. മുളവുകാട് പൊലീസാണ് മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം മോർച്ചറിയിൽ. തലച്ചോറ് പൂർണമായി തകർന്ന നിലയിലായിരുന്നു.

ലോറി ഡ്രൈവർ ഒറ്റപ്പാലം സ്വദേശി രാജനെ (60) പൊലീസ് കസ്റ്റഡിയിലെടുത്തു. ഡി.പി വേൾഡിലേക്ക് കണ്ടെയ്ർ കയറ്റാൻ പോവുകയായിരുന്നു ലോറി. സ്കൂട്ടറിന്റെ ഹാൻഡിലിൽ ലോറി തട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

മക്കൾ: മേരി റോസ് (എ.എൻ.എസ് ഇന്റർനാഷണൽ, ബംഗളൂരു), അലക്സ് ( ബിരുദ വിദ്യാർത്ഥി, ബംഗളൂരു).

സംസ്കാരം ഇന്ന് വരാപ്പുഴ ചെട്ടിവീട് ക്രൈസ്റ്റ്നഗർ പള്ളി സെമിത്തേരിയിൽ. അപകടവിവരമറിഞ്ഞ് കോർപ്പറേഷൻ സെക്രട്ടറി പി.എസ്. ഷിബു ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി.