കൊച്ചി: കൊച്ചിൻ ദേവസ്വംബോർഡിന് കീഴിലുള്ള എറണാകുളം വളഞ്ഞമ്പലം ദേവീ ക്ഷേത്രത്തിൽ വ്യാഴാഴ്ച വൈകിട്ട് ദീപാരാധനസമയത്ത് മദ്യപിച്ചെത്തിയ മുൻജീവനക്കാരൻ ഇടയ്ക്കകൊട്ടി അലങ്കോലമുണ്ടാക്കി. ഭക്തരെ അമ്പരപ്പിച്ച പ്രകടനംകണ്ട് ഇയാളെ ബലമായി പിടിച്ചു പുറത്താക്കുകയായിരുന്നു. ഇടയ്ക്കകൊട്ടാൻ ചുമതലപ്പെട്ടയാൾ ശംഖ് വിളിക്കുന്നതിനിടെ ഇയാൾ ഇടയ്ക്കയെടുത്ത് കൊട്ടുകയായിരുന്നു.
സംഭവത്തെത്തുടർന്ന് ഉപദേശകസമിതി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എറണാകുളം ദേവസ്വം ഓഫീസർ കൊച്ചിൻ ദേവസ്വം ബോർഡിന് റിപ്പോർട്ടും നൽകി.
കൊച്ചിൻ ദേവസ്വംബോർഡിന്റെ കുരീക്കാട് ദേവസ്വത്തിലെ സംബന്ധി മാരാരായ സി. ദിലീപ്കുമാറാണ് പൂജാവേളയിൽ എറണാകുളത്തെ പ്രധാനപ്പെട്ട ക്ഷേത്രത്തിൽ നിരവധി ഭക്തരുടെ സാന്നിദ്ധ്യത്തിൽ അഴിഞ്ഞാടിയത്. ഒരുവർഷംമുമ്പ് വളഞ്ഞമ്പലത്ത് ജോലിചെയ്യുമ്പോൾ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് നാലുമാസം സസ്പെൻഷനിലായിരുന്നു ഇയാൾ.