
കൊച്ചി: പത്തുലക്ഷത്തിൽ ഏഴു പേർക്ക് മാത്രം ബാധിക്കാവുന്ന ടി-സെൽ ലിംഫോമ എന്ന ക്യാൻസർ സ്ഥിരീകരിച്ചപ്പോൾ ഐ.ടി വിദഗ്ദ്ധനായ സത്യൻ വാര്യർക്ക് മുന്നിൽ ശൂന്യത തളംകെട്ടി. ഇതേ രോഗമുള്ള നാലോ അഞ്ചോ പേർ അമേരിക്കയിലുണ്ടെന്നും ഇന്ത്യയിൽ ആരും ചികിത്സയിലില്ലെന്നുമുള്ള പ്രാഥമിക വിവരം അതിലേറെ നിരാശപ്പെടുത്തി. എന്നാൽ നാട്ടിലെ ചികിത്സയും ഇരട്ടസഹോദരന്റെ മജ്ജ ദാനവുംകൊണ്ട് അപൂർവ രക്താർബുദത്തെ അതിജീവിച്ചിരിക്കുകയാണ് സത്യൻ. രോഗശയ്യയിലെ അനുഭവങ്ങൾ 'ക്യാൻസ്‌വാർ" എന്ന പുസ്തകവുമായി.
തൃശൂർ അത്താണിയിൽ താമസിക്കുന്ന ചേർപ്പ് കിഴക്കേവാര്യം കുടുംബാംഗം സത്യൻ വാര്യർക്ക് (60)പത്തുവർഷം മുമ്പാണ് രോഗലക്ഷണങ്ങൾ തുടങ്ങിയത്. ബംഗളൂരുവിലെ ജോലി വിട്ടു. കീമോകളിൽ രോഗനിയന്ത്രണമുണ്ടാകാത്തതിനാൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രി മജ്ജ മാറ്റിവയ്‌ക്കൽ നിർദ്ദേശിച്ചു. റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന ഇരട്ട സഹോദരൻ വിജയൻ വാര്യരുടെ മജ്ജ നൂറുശതമാനവും യോജിച്ചത് അനുഗ്രഹമായി. ഭാര്യ മഞ്ജുളയും മകൾ മാനസിയും പരിചരണം നൽകി. ശീലങ്ങളിലും ദിനചര്യകളിലും നിയന്ത്രണം പാലിച്ചു. രോഗത്തെ അതിജീവിച്ചു . അമേരിക്കൻ കമ്പനിയുടെ വർക്ക് ഫ്രം ഹോം ജോലിയും ലഭിച്ചു.
ചികിത്സാനുഭവങ്ങൾ ഇംഗ്ലീഷിൽ പുസ്തകമാക്കാൻ ആഗ്രഹിച്ചെങ്കിലും രചന വശമില്ലായിരുന്നു. എഴുത്തുകാരായ സുഹൃത്തുക്കൾ സഹായിച്ചു. അങ്ങനെ 'ക്യാൻസ്‌വാർ" തയ്യാറായി. ചെന്നൈയിലെ പ്രസാധകർ പുറത്തിറക്കി.
ടി-സെൽ
മജ്ജയിലെ ഒരിനം ശ്വേത രക്താണുക്കൾ. ഇത് ക്രമാതീതമായി പെരുകുന്ന രോഗാവസ്ഥയാണ് ടി-സെൽ ലിംഫോമ.
അതിജീവന സാദ്ധ്യത 63%. രോഗത്തിന്റെ ചില വകഭേദങ്ങൾക്ക് പ്രഹരശേഷി കൂടുതലാണ്.