കളമശേരി: ഏലൂർ മഞ്ഞുമ്മൽ കൈതവളപ്പിലെ വാടകവീട്ടിൽ സുഹൃത്ത് നവാസിനൊപ്പം താമസിച്ചിരുന്ന കോട്ടയം പാമ്പാടി പാറശേരിവീട്ടിൽ വർണ വർഗീസ് (24) ദുരൂഹ സാഹചര്യത്തിൽ മരിച്ചു. യുവതിയെ മഞ്ഞുമ്മലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചതോടെ ഇവരെ കൊണ്ടുവന്നവർ രക്ഷപ്പെടാനുള്ള ശ്രമം നടത്തി. തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞുനിറുത്തി പൊലീസിനെ അറിയിക്കുകയായിരുന്നു. പെൺകുട്ടിയോടൊപ്പം താമസിച്ചിരുന്ന നവാസിനെയും മൃതദേഹം കൊണ്ടുവന്ന കാറും ഏലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രി 11നും 11.30 നും ഇടയിൽ കിടപ്പുമുറിയിൽ ഊഞ്ഞാലിലെ ഹുക്കിൽ യുവതി തൂങ്ങിമരിച്ചതായി നവാസിന്റെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ തലയോലപ്പറമ്പ് ഇടവട്ടം വാടത്തറവീട്ടിൽ രാഹുൽ (25) പൊലീസിന് മൊഴി നൽകി. ഭാര്യയും മക്കളുമുള്ള നവാസിനൊപ്പം കഴിയുകയായിരുന്നു മരിച്ച വർണ വർഗീസെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം കളമശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. തുടർന്ന് ഏലൂർ പാതാളം ശ്മശാനത്തിൽ സംസ്കരിച്ചു.