school

കൊച്ചി: വിദേശ പഠനത്തിന്റെ വാതായനം തുറന്ന് ഉന്നതി സ്‌കോളർഷിപ്പ് കരുത്തായി. ജില്ലയിൽ നിന്ന് അഞ്ചുവർഷത്തിനിടെ ഉപരിപഠനത്തിനായി പറന്നത് 162 വിദ്യാർത്ഥികൾ. വേൾഡ് ടൈംസ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 500ന് അകത്തുള്ള സർവകലാശാലകളിലാണ് വിദ്യാർത്ഥികളും പഠിക്കുന്നത്. പട്ടികജാതി-പട്ടികവർഗ വകുപ്പ് സർക്കാരിന് നൽകിയ രേഖയിലാണ് വിവരം.

2021ലാണ് കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് സ്‌കോളർഷിപ്പിന് പട്ടികജാതി-പട്ടികവർഗ വകുപ്പ് തുടക്കമിട്ടത്. പട്ടിക വർഗ വിഭാഗത്തിൽ നിന്ന് ആറ് വിദ്യാർത്ഥിനികൾക്കും പട്ടിക ജാതി വിഭാഗത്തിൽ നിന്ന് 156 പേർക്കുമാണ് സ്കോളർഷിപ്പ് ലഭിച്ചത്.

2021-22ൽ 18 വിദ്യാർത്ഥികൾക്കാണ് തുടക്കം. പിറ്റേവർഷം ഇത് 43 ആയി ഉയർന്നു. 2023-24ൽ 48 വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി വിമാനം കയറി. പോയവർഷം 47 പേരുടെ ആഗ്രഹത്തിനൊപ്പം സർക്കാർ നിലകൊണ്ടു. പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകൾ, തത്തുല്യമായ ഡിപ്ലോമ കോഴ്‌സുകൾ, പി.എച്ച്.ഡി, പോസ്റ്റ് ഡോക്ടറേറ്റ് കോഴ്‌സുകൾ എന്നിവയ്ക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക.

വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്‌ളാബുകളായിട്ടാണ് ആനുകൂല്യം. ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടന്റിന്റെ സഹകരണത്തോടെ മാനദണ്ഡങ്ങൾക്ക് വിധേയമായി പരമാവധി 25 ലക്ഷം രൂപ വരെയാണ് വരുമാന പരിധിയില്ലാതെ അനുവദിക്കുന്നത്.


സ്ലാബുകൾ

 വാർഷിക വരുമാനം 12 ലക്ഷം രൂപ വരെയുള്ളവർക്ക് മുഴുവൻ സ്‌കോളർഷിപ്പും ലഭിക്കും. സ്‌കോളർഷിപ്പ്, ഫീസ്, താമസം, ആഹാരച്ചെലവ്, യാത്രാ ചെലവ്, വിസ ചാർജ്, മെഡിക്കൽ ഇൻഷ്വറൻസ് എന്നിവ ഉൾപ്പെടും.

 12 മുതൽ 20 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ട്യൂഷൻ ഫീസ്(15 ലക്ഷം രൂപ വരെ), വിസ, എയർ ടിക്കറ്റ്, ഹെൽത്ത് ഇൻഷ്വറൻസ്, ജീവിത ചെലവ്/ താമസ ചെലവ് എന്നിവക്കായി അഞ്ച് ലക്ഷം രൂപ എന്നിങ്ങനെ അനുവദിക്കും

 20 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് ട്യൂഷൻ ഫീസ് 15 ലക്ഷം രൂപയാണ് അനുവദിക്കുക. പട്ടിക വർഗ വിഭാഗത്തിലെ അപേക്ഷകർക്ക് വരുമാന പരിധി ബാധകമല്ലാതെ ആനുകൂല്യംലഭിക്കും.

സ്‌കോളർഷിപ്പ് നൽകുന്നത്
കേരളത്തിൽ സ്ഥിരതാമസക്കാർക്ക്
യോഗ്യതാ പരീക്ഷയിൽ 55 ശതമാനം മാർക്ക്
പ്രായപരിധി 35 വയസിന് താഴെ
സർക്കാർ ജീവനക്കാരാവരുത്
ഒരുവട്ടം മാത്രം സ്‌കോളർഷിപ്പ്
പ്രവേശനം നേടിയശേഷം അപേക്ഷ സ്വീകരിക്കില്ല
അപേക്ഷ വിശദമായി പരിശോധിക്കും