കൂത്താട്ടുകുളം: നിർദ്ദിഷ്ട എയിംസ് കോട്ടയം വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ വക 500 ഏക്കർ സ്ഥലത്ത് ആരംഭിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടു. വെള്ളം, റെയിൽവേ, ജലഗതാഗത സൗകര്യം, ഹെലിപാഡ്, എയർപോർട്ട് എന്നിവയടക്കം എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൂത്താട്ടുകുളത്ത് കേരള എഡ്യുക്കേഷണൽ സൊസൈറ്റിയുടെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മുന്നേറ്റത്തിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകണമെന്നും അതിന് കേന്ദ്രസർക്കാരിന്റെ പുതിയ നയങ്ങൾ സഹായക മാകുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ സർവകലാശാലകൾ 20 വർഷം മുമ്പേ സംസ്ഥാനത്ത് വരണമായിരുന്നുവെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. വിദേശരാജ്യങ്ങളുടെ മാതൃകയിൽ വിദ്യാഭ്യാസരംഗത്ത് കാലോചിത മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൊസൈറ്റി സ്ഥാപകൻ കെ.എം. മത്തായിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. 30 വർഷത്തിലധികം സർവീസുള്ള അംഗങ്ങളെ മുൻ എം.എൽ.എ ജോണി നെല്ലൂർ ആദരിച്ചു. ജീവകാരുണ്യ ഫണ്ട് വിതരണം, സുവനീർ പ്രകാശനം എന്നിവ നടത്തി.
കെ.ഇ.എസ് ചെയർപേഴ്സൺ സ്വപ്ന എൻ. നായർ, ജനറൽ മാനേജർ മേരി സാമുവൽ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി ഷാനവാസ്, ഷാജി കണ്ണൻ കോട്ടിൽ, വി.എ. കുര്യാച്ചൻ, പി.ജെ. ആനിയമ്മ, തോമസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.