1
ചീനവല

ഫോർട്ടുകൊച്ചി: കൊച്ചിയുടെ മുഖമുദ്രകളിൽ ശ്രദ്ധേയമായ ചീനവലകൾ വിസ്മൃതിയിലേക്ക്. പതിനഞ്ചോളം ചീനവലകൾ ഉണ്ടായിരുന്ന ഫോർട്ടുകൊച്ചി കമാലക്കാവിൽ ഇപ്പോൾ എട്ട് ചീനവലകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഒന്നരക്കോടിരൂപ ചീനവല നവീകരണത്തിനായി അധികാരികൾ അനുവദിച്ചെങ്കിലും തുടർനടപടിയൊന്നുമില്ല.

സ്വപ്നതീരം കാണാനെത്തുന്ന വിദേശികളെ ഏറെ ആകർഷിക്കുന്നത് ചീനവലകളാണ്. ജോലിക്കാരുടെ ഒപ്പം വലവലിക്കാനും പിടയ്ക്കുന്നമീനിനെ കോരിയെടുക്കുന്നത് കാണാനും ഇവർ ഒപ്പംകൂടാറുണ്ട്. ഈ മീനുകൾ അപ്പോൾത്തന്നെ സമീപത്തെ തട്ടുകടകളിലും ഹോട്ടലുകളിലുമെത്തിച്ച് പൊരിച്ചും കറിവച്ചും കഴിക്കുന്നതും ഇവർക്ക് ഹരമാണ്. ദൂരെദിക്കുകളിൽ നിന്നുവരെ നിരവധിപ്പേർ ഫ്രഷ്‌മീൻ വാങ്ങാനെത്താറുണ്ട്.

ആദ്യകാലത്ത് ചീനവലകൾ നിർമ്മിച്ചിരുന്നത് മരത്തടിയിലായിരുന്നു. പിന്നീട് അത് ദ്രവിച്ച് തുടങ്ങിയതോടെ പുതിയത് സ്ഥാപിക്കാൻ അധികാരികളെ സമീപിച്ചെങ്കിലും ഇതിന് ഉപയോഗിക്കുന്ന മരത്തടികൾ ലഭിക്കാനില്ലെന്നായിരുന്നു മറുപടി .പിന്നീട് മരത്തിന്റെ കഴകൾ മാറ്റി ഇരുമ്പിന്റെ കഴകൾ സ്ഥാപിച്ച് ചീനവലകൾ പ്രവർത്തിച്ചിരുന്നു. പിന്നീട് നിരവധി കപ്പലുകളും ബോട്ടുകളും ഇടിച്ച് ചീനവലകൾ പലതും നശിച്ചു. എന്നാൽ അതിന് പകരം പുതിയത് സ്ഥാപിച്ചിട്ടില്ല. വാട്ടർമെട്രോ വരുന്നതിന് മുന്നോടിയായി ചില ചീനവലകളും ഇവിടെനിന്ന് ചെയ്തിരുന്നു. തൊഴിലാളികളുടെ ഉപജീവനമാർഗം മുടക്കുന്ന നടപടിക്കെതിരെ ശബ്ദമുയർത്തിയതോടെ കൂടുതൽ ചീനവലകൾ നഷ്ടപ്പെ‌ാതെ പ്രശ്നം ഒത്തുതീർപ്പായി.

ചീനവലയ്ക്ക് അനുവദിച്ച ഒന്നരക്കോടി രൂപ വകമാറ്റി ചെലവഴിച്ചെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. നിലവിൽ ചീനവലകൾ പോളപ്പായൽ കാരണം ചീനവലകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കോട്ടയം, ആലപ്പുഴ ഭാഗങ്ങളിൽനിന്ന് വൻതോതിൽ ഒഴുകിയെത്തുന്ന പോളപ്പായലുകൾ കൂടുതലായും ഇവിടെ വന്നാണ് അടിയുന്നത്. കൂടാതെ ബീച്ചിൽ എത്തുന്നവർ വലിച്ചെറിയുന്ന പ്ളാസ്റ്റിക് കുപ്പികളും മദ്യക്കുപ്പികളും ചെരുപ്പുകളും ദിവസങ്ങൾക്കുശേഷം തിരികെ തീരത്ത് വന്ന് അടിയുന്ന സ്ഥിതിയാണ്.

ചീനവലകൾ നിലനിറുത്താൻ അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണം ആന്റണി കുരീത്തറ,

കൗൺസിലർ

ബീച്ചും പരിസരങ്ങളും കൃത്യമായ ഇടവേളകളിൽ ശുചീകരിക്കാൻ അധികാരികൾ സത്വര നടപടികൾ സ്വീകരിക്കണം.

ഉമേഷ്