ആലുവ: വകുപ്പുകളുടെ ഏകോപനമില്ലായ്മയെ തുടർന്ന് പൊതുഖജനാവിലെ കോടികൾ പാഴാകുന്നു. കേന്ദ്ര സർക്കാരിന്റെ അമൃതം പദ്ധതി -2 പ്രകാരം ആലുവ നഗരത്തിലെ കാലപ്പഴക്ക ചെന്ന ഭൂഗർഭ കുടിവെള്ളപൈപ്പുകൾ മാറ്റുന്നതിനായി അനുവദിച്ച 3.57 കോടി രൂപയുടെ പദ്ധതി പി.ഡബ്ല്യു.ഡിയുടെ നിലപാടിനെ തുടർന്ന് അനിശ്ചിതത്വത്തിലായി.

നഗരത്തിലെ പമ്പ് കവല - ആർ.എസ് റോഡ്, പമ്പ് കവല - മാർവർ കവല, ബാങ്ക് കവല - മുനിസിപ്പൽ സ്റ്റാൻഡ്, ആർ.എസ് - സീനത്ത് കവല എന്നിവിടങ്ങളിൽ ഡി.ഐ പൈപ്പുകൾ സ്ഥാപിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചത്. ആവശ്യമായ പൈപ്പുകൾ എത്തിയിട്ടുണ്ട്. വാട്ടർ അതോറിട്ടി ടെൻഡറും പൂർത്തിയാക്കി, റോഡ് കുഴിക്കുന്നതിന് പി.ഡബ്ല്യു.ഡിയുടെ അനുമതി തേടിയിരിക്കെയാണ് കഴിഞ്ഞ ദിവസങ്ങളിൽ റോഡ് ടാറിംഗ് (ബി.സി) നടത്തിയത്.

റോഡുകൾ അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ മൂന്നാഴ്ച മുമ്പ് പി.ഡബ്ല്യു.ഡി, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിച്ച ശേഷം ടാറിംഗ് ചെയ്യണമെന്ന് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ഇത് പി.ഡബ്ല്യു.ഡി മുഖവിലയ്ക്കെടുത്തില്ലെന്നാണ് ആക്ഷേപം.

കാലപ്പഴക്കമുള്ള ആസ്ബറ്റോസ് പൈപ്പുകളിലൂടെയാണ് നിലവിൽ കുടിവെള്ളം നൽകുന്നത്. ഉയർന്ന മർദ്ദത്തിൽ വെള്ളം പമ്പ് ചെയ്തില്ലെങ്കിൽ ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തില്ല. ഉയർന്ന മർദ്ദത്തിൽ വെള്ളം പമ്പ് ചെയ്താൽ പൈപ്പുകൾ പൊട്ടും. ഈ സാഹചര്യത്തിലാണ് പൈപ്പുകൾ മാറ്റാൻ അനുമതി തേടിയത്. 10 ദിവസത്തിനകം പൂർത്തിയാക്കാമെന്ന് അറിയിച്ചിട്ടും പി.ഡബ്ല്യു.ഡി അനുവദിച്ചില്ല.

അബ്ദുൾ സത്താർ,

എക്സി. എൻജിനിയർ ഇൻചാർജ്,

വാട്ടർ അതോറിട്ടി

കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ ടാറിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ കരാറുകാരൻ വിട്ടുപോകും. നഗരത്തിലെ 11 റോഡുകൾ ബി.സി ചെയ്യാൻ അഞ്ച് കോടി രൂപയാണ് ലഭിച്ചത്. പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ വാട്ടർ അതോറിട്ടിക്ക് പൈപ്പ് ഇടാൻ അനുമതി നൽകിയിട്ട് മാസങ്ങളെടുത്താണ് പൂർത്തിയാക്കിയത്. ഇതിന്റെ പേരിൽ പഴി കേൾക്കേണ്ടിവന്നത് പി.ഡബ്ല്യു.ഡിയായിരുന്നു. നിലവിൽ ആലുവയിലെ റോഡുകളുടെ പരിപാലന കാലാവധി (ഡി.എൽ.പി) പൂർത്തിയായ ശേഷം പൈപ്പ് ഇടാൻ അനുമതി നൽകും.

ട്രീസ സെബാസ്റ്റ്യൻ

അസി. എൻജിനിയർ,

പി.ഡബ്ല്യ.ഡി, ആലുവ